കൊല്ലം: കൊട്ടാരക്കര കില സി എച്ച് ആര്‍ ഡി ക്യാമ്പസില്‍ നിര്‍മിക്കുന്ന വനിതാ ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ജനപ്രതിനിധികളില്‍ പകുതിയിലധികം വനിതകള്‍ ആയതിനാല്‍ അവര്‍ക്കുള്ള പരിശീലനങ്ങളും അവരുടെ താമസസൗകര്യങ്ങളും വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കൂടാതെ കോവിഡ് കാലത്തും പരിശീലനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ഓണ്‍ലൈനായി നടത്തുന്നതിലുള്ള കിലയുടെ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
75 പരിശീലനാര്‍ത്ഥികള്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ സ്ത്രീ സൗഹൃദ സൗകര്യങ്ങളോടെയാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ വനിതാഘടക പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി ഓരോ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മൂന്നു ലക്ഷം രൂപ വീതം കിലയ്ക്ക് ലഭ്യമാക്കിയാണ് വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. രണ്ട് നിലകളായി 14,324 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളായ സോളാര്‍ വൈദ്യുതി, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവയും ഹോസ്റ്റലിനോടൊപ്പം തയ്യാറാക്കും.പി അയിഷാ പോറ്റി എം എല്‍ എ ഓണ്‍ലൈനായി അധ്യക്ഷയായി. കില ഡയറക്ടര്‍ ഡോ ജോയ് ഇളമണ്‍, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എ ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, കൗണ്‍സിലര്‍ മിനി കുമാരി, പഞ്ചായത്ത് ഡയറക്ടര്‍ ഡോ പി കെ ജയശ്രീ, ഗ്രാമ വികസന കമ്മീഷണര്‍ വി ആര്‍ വിനോദ്, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു