കണ്ണൂര്‍: ഖാദി വിപണന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിപണന മേള ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖാദിക്ക് ഖാദി മേഖലയില്‍ നടപ്പാക്കുന്ന വൈവിധ്യവല്‍ക്കരണങ്ങള്‍ ഖാദിക്ക് കൂടുതല്‍ പ്രചാരം നല്‍കുമെന്ന് അവര്‍ പറഞ്ഞു.
കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക റിബേറ്റും ഇളവും നല്‍കികൊണ്ടാണ് വില്‍പന മേള നടത്തുന്നത്. ഇതിന്റെ ഭാഗമായി പുതുതായി വിപണിയില്‍ ഇറക്കുന്ന കോട്ടണ്‍ ചുരിദാര്‍ ടോപ്പിന്റെ ലോഞ്ചിങ്ങും നടന്നു. 850 രൂപ വിലയുള്ള ടോപ്പ് 30 ശതമാനം റിബേറ്റ് നല്‍കിയാണ് വില്‍ക്കുന്നത്. പയ്യന്നൂര്‍ പട്ട് സാരി, ഷര്‍ട്ട് പീസുകള്‍, കോട്ടണ്‍ സില്‍ക്ക് സാരി, പഞ്ഞി മെത്തകള്‍, ബെഡ് ഷീറ്റുകള്‍ എന്നിവയും വില്‍പനയ്ക്കുണ്ട്. വിപണന മേള ഒരു മാസം നീണ്ടു നില്‍ക്കും.
കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന പരിപാടിയില്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, വില്ലേജ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ കെ വി ഫാറൂഖ്, ഖാദി ബോര്‍ഡ് സൂപ്രണ്ടുമാരായ, ടി വി വിനോദ് കുമാര്‍, എം അജിത എന്നിവര്‍ പങ്കെടുത്തു.