എറണാകുളം: കോവിഡ് 19 മഹാമാരിയുടെ കാലത്ത് ലോകത്തെ പല അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഒഴിവാക്കപ്പെടുമ്പോള്‍ കോവിഡാനന്തര കാലത്തെ ചലച്ചിത്രമേളകള്‍ക്ക് വഴികാട്ടുകയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഏതെങ്കിലും ഒരു നഗരത്തില്‍ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന കാഴ്ചകളുടെ ഈ ഉത്സവത്തെ കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് നഗരങ്ങളിലായി വിന്യസിക്കാൻ അക്കാദമിക്ക് കരുത്തേകിയത് അതിന്റെ ആർജ്ജിത ശക്തിയാണ്.
നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മേളയെ നയിക്കുകയെന്ന ഈ ഹിമാലയന്‍ ഉദ്യമത്തിന് കരുത്തേക്കുന്നത് ചലച്ചിത്ര അക്കാദമി അതിന്‍റെ നാള്‍ വഴികളില്‍ നേടിയ അറിവുകളും ശക്തിയുമാണ്. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി മേളയുടെ ഭാഗമാകുന്നവർക്കായുള്ള നിർബന്ധിത കോവിഡ് പരിശോധനാ സംവിധാനം, പൂര്‍ണതോതിൽ‍ നടപ്പിലാക്കിയ റിസര്‍വേഷന്‍ സംവിധാനം, വേദികളിലെ കോവിഡ് മാനദണ്ഡങ്ങളുടെ പരിപാലനമടക്കം വന്‍ പ്രയത്നമാണ് മേളയിലെ ഓരോ ദിവസവും നടക്കുന്നത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് നഗരങ്ങളിലായാണ് ഇക്കുറി ചലച്ചിത്രമേള. വെല്ലുവിളികള്‍ ഏറെ നേരിടുന്ന കാലത്തും ചലച്ചിത്രമേളയുടെ തനത് സ്വഭാവം നിലനിര്‍ത്തുവാനും സംഘാടകര്‍ക്ക് സാധിക്കുന്നു. ചലച്ചിത്രമേളകളെ കൂടുതല്‍ ജനകീയവും സംവാദാത്മകവുമാക്കുന്ന ഓപ്പണ്‍ ഫോറമടക്കമുള്ള വിഭവങ്ങള്‍ സംഘാടകർ ഉറപ്പാക്കുന്നു. വിദേശ സംവിധായകരടക്കമുള്ളവരുടെ ഓൺ ലൈൻ സാന്നിധ്യവും സംവാദവും കാണികൾക്കായി ഒരുക്കാൻ സാധിക്കുന്നതും സംഘാടക മികവാണ്. സംസഥാന ചലച്ചിത്രമേഖലയുടെ പൂർണ പിന്തുണ മേളയുടെ നടത്തിപ്പില്‍ അക്കാദമിക്ക് ലഭിക്കുന്നതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞു.