തൃശ്ശൂർ: സുരക്ഷിത കേരളം എന്ന ആശയത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ഫയര്‍സ്റ്റേഷന്‍ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് ജല സുരക്ഷാദിനം ആചരിച്ചു. ഗുരുവായൂര്‍-കുന്ദംകുളം റോഡില്‍ ചാട്ടുകുളത്താണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നത് ജലാശയ അപകടങ്ങള്‍ മൂലമാണ്. പ്രളയവും വിവിധ ജലാശയ ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും വര്‍ധിച്ചു വരുന്ന ജലാശയ അപകടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനുമാണ് അഗ്‌നിശമന സേനാ എല്ലാമാസവും മൂന്നാമത്തെ ചൊവ്വാഴ്ച ജലസുരക്ഷാ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 16ന് സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ ഓണ്‍ലൈന്‍ പാസിംഗ് ഔട്ട് നടന്നതിനാലാണ് മോക്ക്ഡ്രില്ല് ഫെബ്രുവരി 17ന് (ബുധന്‍) നടത്തിയത്.
ജലാശയ അപകടത്തില്‍പ്പെട്ട ഒരാളെ എങ്ങനെ രക്ഷിച്ച് കരയില്‍ എത്തിക്കാമെന്നും എങ്ങനെ ഫസ്റ്റെയ്ഡ് നല്‍കാമെന്നുമാണ് മോക്ക് ഡ്രില്ലിലൂടെ നല്‍കിയ പരിശീലനങ്ങള്‍.രാവിലെ 9 മണി മുതല്‍ 11 മണി വരെ രണ്ട് തവണകളായാണ് മോക്ക്ഡ്രില്‍ നടത്തിയത്. അഞ്ച് ഫയര്‍സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ഏഴ് സിവില്‍ ഡിഫന്‍സ് അംഗങ്ങളുമായിരുന്നു മോക്ക്ഡ്രില്ലില്‍ ഉണ്ടായിരുന്നത്. ഒരു ഡിങ്കിയും മറ്റ് ആവശ്യമായ ലൈഫ് ജാക്കറ്റുകളും, ലൈഫ് ബോയ്, റോപ്പുകളും ഓറുകളും ഉപയോഗിച്ചാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്.
ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടന്ന മോക്ക്ഡ്രില്ലില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡി) റെജി കുമാര്‍, മറ്റ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, അനീഷ് കുമാര്‍, സുമേഷ് എന്നിവരും സിവില്‍ ഡിഫന്‍സ് ഡിവിഷണല്‍ വാര്‍ഡന്‍ ഷെല്‍ബീര്‍ അലി, സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പോസ്റ്റ് വാര്‍ഡന്‍ സുഹൈല്‍ ബഷീര്‍, മറ്റ് സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രബീഷ്, മുഹമ്മദ് മുഹ്‌സിന്‍, ഷാക്കിര്‍, വിസ്മയ, അഞ്ജന തുടങ്ങിയവരും പങ്കെടുത്തു.