സംസ്ഥാന സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണമികവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാതല ഉദ്ഘാടന ഘോഷയാത്രയിൽ അണിനിരന്നത് ആയിരങ്ങൾ. കാര്യവട്ടം ക്യാംപസിനു മുന്നിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷം നടക്കുന്ന കഴക്കൂട്ടം ട്രാവൻകൂർ കൺവെൻഷൻ സെന്ററിൽ നടന്ന ഘോഷയാത്രയ്്ക്ക് സി.കെ ഹരീന്ദ്രൻ എം.എൽ.എ , വി. ജോയ് എം.എൽ.എ, നഗരസഭാ മേയർ വി.കെ പ്രശാന്ത,് വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കളക്ടർ ഡോ. കെ വാസുകി എന്നിവർ നേതൃത്വം നൽകി.
സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ, എൻ.സി.സി സ്‌കൗട്ട് ആന്റ്  ഗൈഡ്‌സ്, കുടുംബശ്രീ പ്രവർത്തകർ, വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നെത്തിയവരും ഘോഷയാത്രയിൽ പങ്കാളികളായി. തെയ്യം ഉൾപ്പടെയുള്ള കേരളത്തിന്റെ തനത് കലാരൂപങ്ങൾ സാംസ്‌കാരിക ഘോഷയാത്രയ്ക്ക് മിഴിവേകി. ലഹരിവിരുദ്ധ ബോധവൽക്കരണം നൽകുന്ന എക്‌സൈസ് വകുപ്പിന്റെയും, വിവിധ സർക്കാർ വകുപ്പുകളുടെയും ഫ്‌ളോട്ടുകളും ഘോഷയാത്രയിൽ അണിനിരന്നു.
വൻ ജനപങ്കാളിത്തമുണ്ടായിട്ടും ചിട്ടയായി നടന്ന ഘോഷയാത്രയും, ഉദ്ഘാടന സമ്മേളനവും ആകർഷകമായി. വിവിധ പദ്ധതി ഗുണഭോക്താക്കൾക്ക് ഉദ്ഘാടന സ്ഥലത്ത് എത്തുന്നതിനും ആനുകൂല്യം കൈപ്പറ്റുന്നതിനും വേണ്ടുന്ന സംവിധാനങ്ങൾ അതത് വകുപ്പിലെ ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നു. ചിട്ടയായ അച്ചടക്കത്തോടെയുള്ള പ്രവർത്തനവും പരിപാടിയുമായി സഹകരിച്ച എല്ലാവരുടെയും ആത്മാർത്ഥമായ കഠിനാധ്വാനവുമാണ് പരിപാടി ഇത്രയും വലിയ വിജയമാക്കിയതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.