ഇടുക്കി: ലോക ക്ഷയ രോഗ ദിനാചരണത്തോടനുബന്ധിച്ച് ലാറ്റെന്റ് ടിബി ഇന്‍ഫെക്ഷന്‍ (എല്‍.റ്റി.ബി.ഐ.) ലോക ക്ഷയ രോഗദിനം എന്നീ വിഷയങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലാ ആരോഗ്യ വകുപ്പ് ക്ഷയ രോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ടിബി ഓഫീസര്‍ ഡോ. സെന്‍സി.ബി., മറ്റു ഉദ്യോഗസ്ഥരായ രഘു.കെ.ആര്‍, ജോര്‍ജ്, ബിജു എന്നിവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സെമിനാറില്‍ സംസാരിച്ചു.
എല്ലാ വര്‍ഷവും മാര്‍ച്ച് 24 നാണ് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. ‘ദി ക്ലോക്ക് ഈസ് ടിക്കിങ്’ അതായത് 2025 ഓടെ കൂടി നമ്മുടെ നാട്ടില്‍ നിന്ന് ക്ഷയരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തില്‍ എത്താനുള്ള സമയമായി, ഇനി വൈകിക്കൂടാ – എന്നതാണ് വര്‍ഷത്തെ ദിനാചരണ പ്രമേയം.
ക്ഷയരോഗം നിവാരണ ലക്ഷ്യത്തിന്റെ ഭാഗമായി ലെറ്റന്റ് ടിബി ഇന്‍ഫെക്ഷന്‍ മാനേജ്മന്റ് (എല്‍.റ്റി.ബി.ഐ.) 5 വയസില്‍ താഴെ ഉള്ള കുട്ടികള്‍ എന്നത് മാറി 15 വയസ്സ് വരെ ഉള്ള കുട്ടികള്‍ എന്നാക്കിയിട്ടുണ്ട്. പുതുക്കിയ ചികിത്സാ ക്രമത്തിലൂടെ 5 വയസ്സിനു താഴെ ഉള്ള കുട്ടികള്‍ക്ക് ടെസ്റ്റ് കൂടാതെയും, 5 നും 15 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഐ.ജി.ആര്‍.എ. എന്ന രക്ത പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാലും ചികിത്സ ചെയ്യാന്‍ മാര്‍ഗ നിര്‍ദേശം ഇറങ്ങിയിട്ടുണ്ട്. പ്രധാനമായും ക്ഷയരോഗം ബാധിച്ച വ്യക്തികളുമായി സമ്പര്‍ക്കം ഉള്ള കുട്ടികള്‍, എച്ച്‌ഐവി ബാധിതര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ എന്നിവര്‍ക്കാണ് കൊടുക്കേണ്ടത്.
ക്ഷയരോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് സി.ബി-നാറ്റ്, ട്രൂ-നാറ്റ് എന്നീ ആധുനിക കഫ പരിശോധന മാര്‍ഗത്തിലൂടെയും രോഗനിര്‍ണയം നടത്താം. ക്ഷയരോഗ നിര്‍ണയം, ചികിത്സ എന്നിവ സൗജന്യമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലൂടെയും, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലൂടെയും ലഭ്യമാണ്.
ഇടുക്കി ജില്ലാ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ വിഭാഗം സംഘടിപ്പിക്കുന്ന ദിനാചരണ പരിപാടി നാളെ രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വച്ച് ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. പി.കെ. സുഷമ ഉത്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓട്ടോറിക്ഷ റാലി തൊടുപുഴ പോലീസ് സുധീര്‍ മനോഹര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.