മലപ്പുറം:  ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിപ്രകാരം റോഡുകളില്‍ അനാഥരായി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരും രോഗം ഭേദമായതിനുശേഷം ആരും സ്വീകരിക്കാനില്ലാതെ ആശുപത്രികളില്‍ കഴിയുന്നവരുമായ പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിന് സൗകര്യമൊരുക്കാന്‍ തയ്യാറുള്ള സംഘടനകള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഗ്രാന്റ് നല്‍കുന്നു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളെയാണ് ഗ്രാന്റ് നല്‍കുന്നതിന് പരിഗണിക്കുക.

ജില്ലയില്‍ രണ്ടില്‍ കുറയാത്ത സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കും.  സ്ഥാപനത്തിന് താമസക്കാരെ പാര്‍പ്പിക്കാന്‍ സൗകര്യപ്രദവും സുരക്ഷിതവുമായ കെട്ടിടം ഉണ്ടായിരിക്കണം.  കിടപ്പുമുറിയില്‍ ഒരാള്‍ക്ക് 40 ചതുരശ്ര അടി എന്ന അനുപാതത്തില്‍ സ്ഥലം ഉണ്ടായിരിക്കണം. സംരക്ഷണ ഭവനങ്ങള്‍ ആരംഭിക്കുന്നതിന് തയ്യാറുള്ള സന്നദ്ധ സംഘടനകള്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍:  0483  2735324.