കാസർഗോഡ്: ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹരിത കര്‍മ സേനാംഗങ്ങള്‍ കൃഷിയിലേക്കും. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന ഹരിത കേരളം മിഷന്റെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. മധുരക്കിഴങ്ങ്, വെള്ളരി, കക്കിരി തുടങ്ങിയ പച്ചക്കറികള്‍ക്കൊപ്പം നാട്ടില്‍ അധികം പ്രചാരമില്ലാത്ത ചെണ്ടുമല്ലി കൃഷിയും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിട്ടുണ്ട്. മാലിന്യ ശേഖരണത്തിന് ശേഷമുള്ള ചുരുങ്ങിയ ഇടവേളകളിലാണ് കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നടത്തിയത്.
വാനമ്പാടി ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ നിര്‍വ്വഹിച്ചു. പ്രതികൂല കാലാവസ്ഥയിലും കാര്യക്ഷമമായി നടത്തിയ ഇടപെടലുകളുടെ വിജയമാണ് ഈ കൃഷിയുടേതെന്നും, ജില്ലയിലെ മറ്റ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഈ പ്രവര്‍ത്തനം മാതൃകയാണെന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാര്‍ത്ത്യായനി.എ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുമ.വി.വി, വാര്‍ഡ് അംഗങ്ങളായി ലത.ടി, അശോകന്‍ ടി.വി, പ്രീതി.പി, നാരായണന്‍ എം.വി, അംബിക. ടി, രജനി. പി, രാമകൃഷ്ണന്‍.ടി, കുടുംബശ്രീ ജെ.എല്‍.ജി ഭാരവാഹികളായ രതി മോള്‍.കെ, രജനി.എ, ഗിരിജ.പി.സി, അഭിരാജ് എ.പി, ഹരിത കര്‍മ്മ സേന സെക്രട്ടറി ഉഷ.കെ, ഹരിത കര്‍മ്മ സേനാംഗങ്ങളായ ഷൈമ.പി, രാജലക്ഷമി.ടി, സുരഭി.കെ.വി, അനിത.പി, ഉമാദേവി.സി.കെ എന്നിവര്‍ സംസാരിച്ചു.