ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള  നികുതി ചോർച്ച പരിഹരിക്കാൻ പഠനം നടക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വാളയാർ വിൽപ്പന നികുതി ചെക്ക് പോസ്റ്റ് സന്ദർശിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.  ജി.എസ്.ടി സംവിധാനം വന്നതിന് ശേഷം ചെക്ക് പോസ്റ്റുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ നികുതി വരവിൽ  കാര്യമായ കുറവ് വന്നു. വൺ കൺട്രി വൺ ടാക്‌സ് സംവിധാനം അടിസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ജി.എസ്.ടി.   പ്രതിവർഷം കേരളത്തിലേക്ക് 15000 കോടിയുടെ ചരക്കാണ് വരുന്നത്. 5000 കോടിയുടെ ചരക്ക് പുറത്തേക്കും പോകുന്നു എന്നാണ് ഏകദേശ കണക്ക്. ഇതിനനുസരിച്ചു സത്യസന്ധമായി നികുതി അടച്ചാൽ വരുമാനം കൂടും. ജി.എസ്.ടിക്ക് മുൻപ് ഓരോ വർഷവും 14 മുതൽ 16 ശതമാനം വരെ നികുതി വരവിൽ വർധന ഉണ്ടായിരുന്നു. എന്നാൽ ജി.എസ്.ടി നടപ്പാക്കി നാല് വർഷം കഴിയുമ്പോൾ വരുമാനം ആദ്യ വർഷത്തെതിനു തുല്യമാണ്.കോവിഡ് വന്നതോടെ വീണ്ടും വരുമാനം കുറഞ്ഞു. രാജ്യവ്യാപകമായി സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞതോടെ കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ രണ്ട് സമിതികൾ ഉണ്ടാക്കി.    ജനങ്ങളിൽ നിന്ന് ഈടാക്കുന്ന നികുതി സർക്കാരിലേക്ക് നല്കിയെ മതിയാവൂ. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ചരക്കുകൾ കൂടി നിരീക്ഷിക്കാൻ ക്യാമറ സംവിധാനം ഏർപ്പെടുത്തും. ഇപ്പോൾ കേരളത്തിന്  അകത്തേക്ക് വരുന്ന ചരക്കുകളാണ് കൂടുതൽ പരിശോധിക്കുന്നത്. ഫിസിക്കൽ വെരിഫിക്കേഷനിലെ കുറവ് നികത്തുമെന്നും മന്ത്രി അറിയിച്ചു.
ടാക്‌സ് നൽകാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. വാളയാറിലെ വിൽപ്പന നികുതി വകുപ്പ് ഓഫീസ്  കേന്ദ്രീകൃത മോണിറ്ററിങ് കമാന്റിങ് ഓഫീസാക്കി മാറ്റുന്നത് പുരോഗമിക്കുകയാണ്. ആധുനിക സംവിധാനങ്ങൾ ഒരുക്കി  കൂടുതൽ കാര്യക്ഷമമാക്കും. കേരളത്തിലേക്ക് ചരക്ക് വരുന്നതിൽ 50 ശതമാനത്തിലേറെ വാളയാർ ഉൾപ്പെടെ ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ വഴിയാണ്. നികുതി വരവ് കൂട്ടാൻ ഓഡിറ്റിങ്ങും ഇന്റലിജൻസ് സംവിധാനവും ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാറിലെ ക്യാമറ പോയിന്റ്, വേളന്തവളം _കോഴിപ്പാറ, ഗോപാലപുരം സർവെലിൻസ് സ്ക്വാഡ് ക്യാമ്പ് ഓഫീസ് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശിച്ചു. വാളയറിലും ഗോപാലപുരത്തും സ്ഥാപിച്ച ഓട്ടോമാറ്റിക്ക്  നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ(എ.എൻ.പി.ആർ)ക്യാമറ സംവിധാനവും മന്ത്രി പരിശോധിച്ചു.
അഡീഷണൽ കമ്മീഷണർമാരായ  റെൻ ഏബ്രഹാം, മധു, പ്രശാന്ത് ഗോപാൽ, ജോയിന്റ് കമ്മീഷണർമാരായ സുരേഷ് കണ്ണേരി, ബി. പ്രമോദ്, പി.എ അഭിലാഷ് എന്നിവർ പങ്കെടുത്തു.