സംസ്ഥാന വനിതാ കമ്മീഷന് ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടും. ഒരു കേസില്‍ ഡി.എന്‍.എ പരിശോധനയും നിര്‍ദ്ദേശിച്ചു. എതിര്‍കക്ഷികള്‍ ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 79 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 100 പരാതികളാണ് പരിഗണിച്ചത്.
വയോജനങ്ങളായ മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങിയ ശേഷം ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നതായി കമ്മീഷന് നിരീക്ഷിച്ചു. മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്കെതിരെ നിയമം കൂടുതല്‍ കടുപ്പിക്കേണ്ടതുണ്ട് എന്ന് അംഗങ്ങള്‍ വിലയിരുത്തി.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ നേരിട്ടും പരാതികള്‍ പരിഗണിച്ചു. അതിവേഗം കേസുകള്‍ തീര്‍പ്പാക്കുന്നതിന് ശ്രമം നടത്തുകയാണെന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളും, വസ്തു-അതിരു തര്‍ക്കങ്ങളും, സിവില്‍-ക്രിമിനല്‍ പരാതികളും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളും അദാലത്തിലെത്തി. സര്‍ക്കാരിന്റെ നാലാമത്തെ സിറ്റിംഗ് നാളെ നടക്കും. വനിതാ കമ്മീഷന് അംഗം എം. എസ.് താര, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
