ഇടുക്കി: ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വികസനമാണ് ആവശ്യമെന്നും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താനും ധാരണ. ജില്ലയുടെ മനോഹാരിത മാത്രം കണക്കിലെടുത്താല്‍ പോര. എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം പരിസര ശുചിത്വ നിലവാരം വര്‍ധിപ്പിക്കണമെന്നും ചര്‍ച്ചയില്‍ ആമുഖപ്രഭാഷണം നടത്തിയ ആസൂത്രണ ബോര്‍ഡംഗവും രാജ്യാന്തര സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

ജില്ലയുടെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന തരത്തില്‍ സ്വാഗത കേന്ദ്രങ്ങളും സഞ്ചാരികള്‍ക്കായി ടൂറിസം ഹബ്ബുകളും ആവശ്യമാണ്. 50 വര്‍ഷം മുന്നില്‍ക്കണ്ട് ജില്ലയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന വിധത്തില്‍ മാസ്റ്റര്‍പ്ളാന്‍ തയാറാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗത്തില്‍ ഡീന്‍കുര്യാക്കോസ് എംപി, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരും ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ ഭാരവാഹികളും ഇടുക്കി പാക്കേജ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.