ഇടുക്കി: പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിന് വേണ്ടി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്ലാന്റേഷന്‍ പ്രതിനിധികളുടേയും എസ്റ്റേറ്റ് ഉടമകളുടെയും യോഗം ചേര്‍ന്നു.

മൂന്നാര്‍ – പീരുമേട് സ്ഥലങ്ങള്‍ രണ്ടായി കണ്ട് പദ്ധതികള്‍ തയ്യാറാക്കും. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലയങ്ങളില്‍ നിന്നും സ്വന്തമായി വീട് എന്ന പദ്ധതി ആവിഷ്‌കരിക്കും. അങ്ങനെ വീട് ഇല്ലാത്തവര്‍ വീടും സ്ഥലവും ഇല്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ കണക്ക് എടുത്ത് സമര്‍പ്പിക്കാന്‍ യോഗം ആവശ്യപ്പെട്ടു.

ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ഗതാഗതം സുഗമമാക്കണം. ഇന്‍ഷുറന്‍സ് ലഭ്യമാക്കണം. തൊഴിലാളികള്‍ക്ക് വേണ്ടി സ്‌കൂള്‍, വില്ലേജ് ആയി കണക്കാക്കി പ്രത്യേക കരിയര്‍ ഗൈഡന്‍സ് സൗകര്യങ്ങള്‍, മത്സര പരീക്ഷയ്ക്ക് ഒരുങ്ങാന്‍ വേണ്ട സൗകര്യങ്ങള്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറികള്‍, തോട്ടം ലാഭകരമാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കണം. തേയില കൂടാതെ പച്ചക്കറികള്‍, പൂക്കള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കൃഷികളും തോട്ടം മേഖലയില്‍ ചെയ്യാനുള്ള അനുമതി നല്‍കിയാല്‍ കൂടുതല്‍ ലാഭകരമാക്കാന്‍ സാധിക്കുമെന്ന് കെഡിഎച്ച്പി പ്രതിനിധി പറഞ്ഞു. റോഡുകളുടെ വികസനം സാധ്യമാക്കിയാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനിടയാകും.

നിലവിലുള്ള സ്‌കൂളുകളിലും അംഗനവാടികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.കമ്പനിയുടെ കൈയിലാണ് സ്ഥലങ്ങള്‍. ഇവര്‍ സ്ഥലം നല്‍കാന്‍ ഒരുക്കമാണെങ്കില്‍ കെട്ടിടങ്ങള്‍ പണിയാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. സുസ്ഥിരമായ ഭവന പദ്ധതി നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പ്ലാനിങ് ഓഫീസര്‍ ഡോ സാബു വര്‍ഗീസ്, പ്ലാന്റേഷന്‍ പ്രതിനിധികള്‍, എസ്റ്റേറ്റ് ഉടമകള്‍, ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.