കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നത് പ്രധാനമാണെന്നും അവ പരിഹരിക്കാതിരുന്നാല്‍ പ്രശ്‌നം വഷളാകുമെന്നും പത്തനംതിട്ട ജില്ലാ ജഡ്ജി കെ.ആര്‍ മധുകുമാര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓറഞ്ച് ദ വേള്‍ഡ് പരിപാടിയുടെ ഭാഗമായി ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങള്‍ എവിടെയാണെന്നുള്ളത് കണ്ടെത്താന്‍ ആരും ശ്രമിക്കാറില്ല. പ്രശ്‌നങ്ങള്‍ ഗുരുതരമായതിനു ശേഷം കേസുമായെത്തിയാല്‍ സാക്ഷിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ അവസരം നല്‍കിയാല്‍ മാത്രമേ പ്രശ്‌നം ശരിയായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കൂ. പല വിധത്തിലുള്ള കേസുകള്‍ കൂടിക്കലര്‍ന്നതാകും പലപ്പോഴും കുടുംബ പ്രശ്‌നങ്ങള്‍. അവ പരസ്പരം ഒത്തുപോയില്ലെങ്കില്‍ അതും ഒരു പ്രശ്‌നമായി മാറും.
ഒരു കുടുംബത്തെ ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കാള്‍ കൂടുതലായും കണ്ടുവരുന്നത് കുടുംബ തകര്‍ച്ചയാണ്. പ്രശ്‌നം എവിടെയാണെന്ന് കണ്ടെത്തി അവ പരിഹരിച്ചാല്‍ ഇത്തരം സങ്കീര്‍ണമായ ജീവിത സാഹചര്യത്തിലേക്കു കടന്നുചെല്ലേണ്ട അവസ്ഥ ഒരിടത്തും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരെന്ന ചട്ടക്കൂടിനപ്പുറം നാം ഓരോരുത്തരും മനുഷ്യനാണെന്ന നിലയില്‍ ജീവിക്കുകയും സഹജീവികളോട് ശരിയായ രീതിയില്‍ പെരുമാറുകയും വേണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓരോ കുടുംബത്തില്‍ നിന്നുമാണു മാറ്റങ്ങള്‍ വരേണ്ടത്. നമ്മുടെ ചുറ്റുപാടുമുള്ള പ്രശ്‌നങ്ങള്‍ കേസുകളായി പരിണമിക്കുന്നതിനു മുന്‍പ് തന്നെ ശരിയായ ഇടപെടലിലൂടെ അവയെ നശിപ്പിക്കാന്‍ കഴിയണം.
എല്ലാതരം പീഡനങ്ങളും തെറ്റാണെന്നും അതിനു മാറ്റം നമ്മില്‍ നിന്നാകണമെന്നും കളക്ടര്‍ പറഞ്ഞു. ഡിഎല്‍എസ്എ സെക്രട്ടറിയും സബ് ജഡ്ജുമായ ദേവന്‍ കെ. മേനോന്‍ അധ്യക്ഷനായ ചടങ്ങില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കവിതാ ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിആര്‍ബി ഡിവൈ.എസ്പി എ.സന്തോഷ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം, വനിതാ സംരക്ഷണ ഓഫീസര്‍ എച്ച്. താഹിറ ബീവി, വുമണ്‍ സെല്‍ സി.ഐ ഉദയമ്മ, എസ്എച്ച്ഒമാര്‍, അഭിഭാഷകള്‍, എസ്പിസി പ്രതിനിധികള്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സ്ത്രീകള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളെ സംബന്ധിച്ച് സംവാദം നടത്തി.