അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണു വരുംവര്‍ഷങ്ങളില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. റോഡുകള്‍ മാത്രമല്ല തോടുകളും നവീകരിച്ചാലേ ലക്ഷ്യം പൂര്‍ണമാകൂ. ഒരു പഞ്ചായത്തില്‍ പകുതി അംഗങ്ങള്‍ റോഡ് നവീകരണം ഏറ്റെടുക്കുമ്പോള്‍, പകുതിപേര്‍ തോട് നവീകരണം ഏറ്റെടുക്കണം. മാലിന്യത്തിനെ എങ്ങനെ മൂല്യവര്‍ധിത ഉല്പന്നമാക്കി മാറ്റാം എന്ന ചിന്തയും ബ്ലോക്കിന്റെ വികസന അജണ്ടയിലുണ്ട്. ക്ഷീരകര്‍ഷകരെയും കൈപിടിച്ചുയര്‍ത്തുന്ന വികസന സാധ്യതകളും ബ്ലോക്ക് പഞ്ചായത്ത് ചര്‍ച്ച ചെയ്യുന്നു. വരും വര്‍ഷങ്ങളിലെ വികസന പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍
അടിസ്ഥാന സൗകര്യ വികസനത്തിനാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. ഒരു പഞ്ചായത്തില്‍ പകുതി അംഗങ്ങള്‍ റോഡ് നവീകരണം ഏറ്റെടുക്കുമ്പോള്‍, പകുതിപേര്‍ തോട് നവീകരണം ഏറ്റെടുക്കുന്നു- ഈ രീതിയിലാണ് പശ്ചാത്തല വികസനം ലക്ഷ്യമിടുന്നത്. ക്ഷീരകര്‍ഷകരുടെ സബ്‌സിഡി തുക രണ്ടു രൂപയോളം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. കൂടാതെ കാലിത്തീറ്റയ്ക്കും സബ്‌സിഡി നല്‍കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.മാലിന്യത്തില്‍ നിന്നു മൂല്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കര്‍മസേന, കുടുംബശ്രീ എന്നിവരുമായി ചേര്‍ന്നു മാലിന്യശേഖരണം നടത്തുന്നുണ്ട്. ഇതു വിപുലമായി നടത്തി മാലിന്യങ്ങളെ പുനരുപയോഗിക്കുക എന്നതും ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യമാണ്.
പൊക്കാളി കൃഷിയിലെ സാധ്യതകള്‍
ബ്ലോക്കിലെ 3 പഞ്ചായത്തുകളിലായി 133 ഹെക്ടറോളം പൊക്കാളി കൃഷി ചെയ്യുന്നുണ്ട്. ഇതു വ്യാപിപ്പിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കൊയ്ത്ത് മത്സരം പോലെയുള്ള പരിപാടികള്‍ പൊക്കാളി കൃഷിയുടെ ജനകീയത വര്‍ധിപ്പിച്ചിട്ടുണ്ട്.
മാതൃകയാകാന്‍ പ്രകൃതി സ്‌കൂള്‍ പദ്ധതി
വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹവും പരിസ്ഥിതിതി ബോധവും വര്‍ധിപ്പിക്കുന്നതിനും കുട്ടികളെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രകൃതി കൃഷി പഠിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന പദ്ധതിയാണു പ്രകൃതി സ്‌കൂള്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയ്‌നുകളിലൂടെ ബ്ലോക്ക് പ്രദേശത്ത് പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി വരികയാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ ഒത്തൊരുമിച്ച്;
ദുരന്ത നിവാരണത്തിന് ‘രക്ഷിത് സേന‘
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയകളും മുന്നേറുകയാണ്. ഇതിനോടകം ഒന്നാം ഡോസ് നൂറു ശതമാനം പൂര്‍ത്തിയായി. പഞ്ചായത്തിലെ ദുരന്ത നിവാരണ സേനയായ ‘രക്ഷിത് സേന’യുടെ പ്രവര്‍ത്തനങ്ങളും സജീവമാണ്. ദുരന്ത നിവാരണം, തീയണയ്ക്കല്‍, നീന്തല്‍, ആതുര ശുശ്രൂഷ എന്നീ മേഖലകളില്‍ രക്ഷിത് സേന അംഗങ്ങള്‍ക്ക് ആധുനികരീതിയിലുള്ള പരിശീലനം നല്‍കും.അതോടൊപ്പം സേനയ്ക്കു മറ്റു സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി പ്രത്യേക ഫണ്ടും മാറ്റിവച്ചിട്ടുണ്ട്.
വനിതാ സംരംഭകര്‍ക്കും പരിഗണന
വനിതാ വികസനത്തിനു വേണ്ടി മാറ്റിവയ്ക്കുന്ന ഫണ്ട് മുഴുവനും കാര്യക്ഷമമായി തന്നെയാണ് ബ്ലോക്ക് വിനിയോഗിച്ചിരിക്കുന്നത്. ചെറുകിട സംരംഭകര്‍ക്കായി അനുവദിക്കാറുള്ള 5 ലക്ഷം രൂപയുടെ പദ്ധതി വഴി, വനിതകള്‍ക്കു സംരംഭം തുടങ്ങുന്നതിനുള്ള എല്ലാ സഹായവും ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്നുണ്ട്. പദ്ധതി പ്രകാരം നിലവില്‍ 3 വനിതാ സംരംഭക യൂണിറ്റുകള്‍ ബ്ലോക്കില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ അടുത്ത ബഡ്ജറ്റില്‍ കൂടുതല്‍ തുക ഇതിനായി മാറ്റിവയ്ക്കാനാണു തീരുമാനം.
ഒപ്പം സ്ത്രീ ശാക്തീകരണവും
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ അഗ്രോ ഫാം സമ്പൂര്‍ണ വിജയമായിരുന്നു.ആദ്യവര്‍ഷം തന്നെ ഒരു ലക്ഷത്തോളം ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. ബ്ലോക്ക് അങ്കണത്തില്‍ പോളി ഹൗസിനും ഡ്രിപ്പ് ഇറിഗേഷനുമുള്ള സഹായങ്ങള്‍ എറണാകുളം മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന നല്‍കിയതോടെ രണ്ടു സ്ത്രീകള്‍ മാത്രം അടങ്ങിയ ഗ്രൂപ്പ് വിജയക്കൊടി പാറിച്ചു. തുടക്കത്തില്‍ 40,000 ശൈത്യകാല പച്ചക്കറിത്തൈകള്‍ പോളി ഹൗസില്‍ തയ്യാറാക്കി കര്‍ഷകര്‍ക്കു കൊടുക്കുകയും വിളവെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 50,000 തൈകള്‍ നടാന്‍ പാകത്തിന് ഓരോ പഞ്ചായത്തിനും പതിനായിരം തൈകള്‍ വീതം കൈമാറിയിട്ടുണ്ട്. ഓരോ പഞ്ചായത്തും വളരെ സജീവമായി പച്ചക്കറി കൃഷി മുന്നോട്ട് കൊണ്ടുപോകുകയാണ്.
പട്ടിക ജാതി, പട്ടികവര്‍ഗ വികസനം നൂറു മേനിയില്‍
പട്ടിക ജാതി, പട്ടികവര്‍ഗ വികസനത്തിനായി മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്, പഠനമുറി, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ എന്നീ സേവനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ഏഴിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലില്‍, ദൂരദേശങ്ങളില്‍ നിന്നുപോലും എത്തി നിരവധി നിര്‍ധനരായ വിദ്യാര്‍ഥികളാണു പഠിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ട്യൂഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഫണ്ട്
അഞ്ച് പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 17 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്, ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്നുണ്ട്. ഏഴിക്കര പഞ്ചായത്തില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബഡ്‌സ് സ്‌കൂളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ടും ഭരണസമിതി മാറ്റിവച്ചിട്ടുണ്ട്.
ലൈഫ് മിഷനും പിഎംഎവൈ പദ്ധതിയും
ലൈഫ് മിഷന്‍ പദ്ധതിക്കായി അനുവദിച്ച മുഴുവന്‍ തുകയും പഞ്ചായത്തുകള്‍ക്കു കൈമാറിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27 പേര്‍ക്ക് വീട് നിര്‍മിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
ഗോത്ര വിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കാന്‍
ഗോത്ര വിഭാഗങ്ങള്‍ക്കു പ്രത്യേക കരുതല്‍ നല്‍കുന്ന ബ്ലോക്ക് പഞ്ചായത്താണ് പറവൂര്‍. ബ്ലോക്കിലെ തത്തപ്പിള്ളി, മന്നം പ്രദേശങ്ങളിലെ ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് എത്തിക്കുന്നതിനായി നിരവധി പദ്ധതികളാണു ഭരണസമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. കലാ-കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി മേളകള്‍, പരിശീലന ക്ലാസുകള്‍ തുടങ്ങിയവ നടത്താന്‍ ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
കുടിവെള്ളക്ഷാമം തടയാന്‍
കുടിവെള്ളക്ഷാമം തടയുന്നതിനുള്ള പദ്ധതികള്‍ ബ്ലോക്ക് തലത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വേനല്‍ക്കാലം രൂക്ഷമാകുന്നതിനു മുമ്പേ, പൊട്ടിക്കിടക്കുന്ന പൈപ്പുകള്‍ നന്നാക്കുവാന്‍ തുക മാറ്റിവച്ചിട്ടുണ്ട്. തീരദേശമായ മാല്യങ്കരയില്‍ കുടിവെള്ള ടാങ്ക് വേണമെന്ന ആവശ്യവും കോര്‍പറേഷനോട് ഉന്നയിച്ചിട്ടുണ്ട്.