എറണാകുളം ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന കോ ഓര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി(ദിശ)യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ യോഗം ചേര്‍ന്നു. എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ മെമ്പര്‍ സെക്രട്ടിയും ജില്ലാ കളക്ടറുമായ ജാഫര്‍ മാലിക്കിന്റെ സാന്നിധ്യത്തില്‍ ദിശ ജില്ലാ ചെയര്‍മാന്‍ ഹൈബി ഈഡന്‍ എം.പി അധ്യക്ഷത വഹിച്ചു.
നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ അനുവദിക്കപ്പെട്ട പുത്തന്‍വേലിക്കര – കുന്നുകര ക്ലസ്റ്റര്‍ വളരെ പുരോഗതിയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി യഥാസമയം കേന്ദ്രത്തില്‍ ഇടപെടാന്‍ കഴിഞ്ഞതിനാല്‍ 93% പ്രവൃത്തികള്‍ പൂര്‍ത്തിയായതായി ഹൈബി ഈഡന്‍ എം.പി അറിയിച്ചു. അതിന്റെ കാലാവധി മാര്‍ച്ച് 31 ന് കഴിയുമെന്നതിനാല്‍ നിര്‍വഹണ ഏജന്‍സികള്‍ ഇത് ഗൗരവത്തിലെടുത്ത് പ്രവൃത്തികളുടെ നിര്‍വഹണം നടത്തണം. പ്രവൃത്തിയുടെ സമയപരിധി കോവിഡ് സാഹചര്യത്തില്‍ വീണ്ടും നീട്ടിനല്‍കുന്നതിന് ഇടപെടല്‍ നടത്തുമെന്നും ഹൈബി ഈഡന്‍ എം.പി അറിയിച്ചു.
മാര്‍ച്ച് 31 നകം ജില്ലയിലെ കേന്ദാവിഷ്‌കൃത പദ്ധതികള്‍ പൂര്‍ത്തിയാക്കി ബില്ലുകള്‍ നല്‍കണമെന്ന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ജോബ് കാര്‍ഡ് വിതരണം 100 ശതമാനം പൂര്‍ത്തിയാക്കുവാനും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ട്രൈബല്‍ പദ്ധതിയില്‍ പരമാവധി തൊഴില്‍ ദിനങ്ങള്‍ നല്‍കുവാനും കളക്ടര്‍ നിര്‍ദേശിച്ചു. പെരിയാര്‍, മൂവാറ്റുപുഴയാറുകളിലെ എക്കലും മണലും നീക്കം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ഓപ്പറേഷന്‍ വാഹിനിയുടെ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പുകാര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ ചെയ്യുവാനും കാലവര്‍ഷത്തിനു മുന്നേ പൂര്‍ത്തിയാക്കുവാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ട്രീസ ജോസ് സ്വാഗതം ആശംസിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.