പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ജില്ല മികവുത്സവം സമാപിച്ചു. മേലാങ്കോട്ട് എസി കണ്ണന് നായര്‍ സ്മാരക ഗവ. യു.പി സ്്കൂളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 13 വിദ്യാലയങ്ങള്‍ രണ്ടു വേദികളിലായി മികവ് അവതരിപ്പിച്ചു. പ്രൈമറി വിഭാഗത്തില്‍ ജി.യു.പി എസ് പാടിക്കീല്, ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂള്‍ ചന്തേര, ജി.എല്‍ പി എസ് മാവിലാക്കടപ്പുറം, ജി എല്‍ പി എസ് നീലേശ്വരം, ജി എം യു പി എസ് പള്ളിക്കര, എസി കെ എന്‍ ജി യു പി സ്കൂള്‍ മേലാങ്കോട്, ജി യു പി എസ് ചാമക്കുഴി കൂവാറ്റി, ജി യു പി എസ് ചെമ്മനാട് വെസ്റ്റ് എന്നീ വിദ്യാലയങ്ങളും ഹൈസ്കൂള്‍ – ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ ജി എച്ച് എസ് എസ് കമ്പല്ലൂര്‍, ജി എച്ച് എസ് കൊളത്തൂര്‍, ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്, ജി വി എച്ച് എസ് എസ് ഇരിയണ്ണി , ജി എച്ച് എസ് എസ് പട്ള എന്നിവയുമാണ് മികവുകള്‍ അവതരിപ്പിച്ചത്. കൊവിഡ് കാലത്തെ പഠന വിടവ് നികത്തുന്നതിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍, തനത് ഭിന്നതല പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പങ്കാളിത്തം, ഓണ്‍ലൈന്‍ പഠനകാലത്തെ സവിശേഷ ഇടപെടല്‍, വായന പ്രവര്‍ത്തനങ്ങള്‍, ലാബ് ശാക്തീകരണം, കുട്ടികളുടെ ഉല്പന്നങ്ങള് തുടങ്ങിയ വേറിട്ട പ്രവര്‍ത്തനങ്ങള്‍ പരിപാടിയെ ശ്രദ്ധേയമാക്കി. സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിദ്യാലയ വികസന സമിതി ചെയര്മാന് അഡ്വ.പി.അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു.
