കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ആരംഭിച്ചു. കാലിക്കടവില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായുള്ള കന്നുകാലി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മടിവയലില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പടുവളം ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മില്‍മ, തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ , മൃഗ സംരക്ഷണ വകുപ്പ് , കേരളം ഫീഡ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എം.രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി പി.കെ. അധ്യക്ഷയായി.ക്ഷീര കര്‍ഷക സംഗമം സംഘാടക സമിതി ചെയര്‍മാന്‍ സുമേശന്‍ കെ പതാക ഉയര്‍ത്തി. സംഗമത്തിന്റെ ഭാഗമായി മാര്‍ച്ച് 24ന് കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ഷീര കര്‍ഷക സംഗമവും ക്ഷീര വികസന സെമിനാറും സംസ്ഥാന ക്ഷീര വികസന മൃഗസംരക്ഷണ മന്ത്രി ജെ .ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനാകും.ക്ഷീര വികസന സെമിനാര്‍  ക്ഷീര കര്‍ഷക സംഗമം , ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം , ഡയറി എക്സിബിഷന്‍ , ക്ഷീര കര്‍ഷകരെ ആദരിക്കല്‍ , പൊതുസമ്മേളനം , അവാര്‍ഡ് വിതരണം , ക്ഷീര കര്‍ഷക സെമിനാര്‍ , ഗവ്യജാലകം , വിവിധ മത്സരപരിപാടികള്‍ എന്നിവ നടക്കും.