കൃഷി, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കടമക്കുടി പഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വിപിൻ രാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. 14.72 കോടി രൂപ വരവും 14.53 കോടി രൂപ ചെലവും 19.18 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്.

മലിനീകരണം നേരിടുന്ന പെരിയാറിലെ മാലിന്യ തോത് യഥാസമയം അളക്കുന്നതിനായി പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ദാരിദ്ര്യ ലഘൂകരണത്തിനായി രണ്ട് കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഭവന നിർമാണ പ്രവർത്തനങ്ങൾക്ക് 1.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കടമക്കുടി ടൂറിസം പ്രത്യേക പാക്കേജിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തെരുവ് വിളക്ക് നവീകരണത്തിനായി 10 ലക്ഷം രൂപയും സോളാർ പാനൽ സ്ഥാപിക്കുന്നതിനായി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിവിധ കാർഷിക പദ്ധതികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്.