മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ച് വൈദ്യുത ഉത്പാദനം നടത്തുന്ന പദ്ധതിയാണ് മാങ്കുളം ജലവൈധ്യുതപദ്ധതി. പദ്ധതിക്കായി അഞ്ച് സ്പിൽവേ ഗെയ്റ്റോടുകൂടി 221.50 മീറ്റർ നീളവും 47.21 മീറ്റർ ഉയരവുമുള്ള കോൺക്രീറ്റ്ഡാമും 2519 മീറ്റർ നീളത്തിൽ 3.66 മീറ്റർ വ്യാസത്തോടുകൂടി കുതിരലാടത്തിന്റെ ആകൃതിയിൽ തുരങ്കവും നിർമ്മിക്കും. 8 മീറ്റർ വ്യാസത്തിൽ 84.7 മീറ്റർ ആഴമുള്ള സർജ് കിണറും 3 മീറ്റർ വ്യാസത്തിൽ 110 മീറ്റർ നീളമുള്ള ലോപ്രഷർ പൈപ്പും 10 മീറ്റർ x 8 മീറ്റർ x 9 മീറ്റർ അളവ് വരുന്ന വാൽവ് ഹൗസും 908.52 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും 53 മീറ്റർ നീളമുള്ള സ്റ്റീൽ പെൻസ്റ്റോക്ക് പൈപ്പും, 55 x 21 മീറ്റർ അളവ് വരുന്ന വൈദ്യുതിനിലയവും ചേർന്നതാണ് നിർദിഷ്ട പദ്ധതി. 82.080 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ പദ്ധതിയിൽ വാർഷിക ഉല്പാദനം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കടലാർ, രാജമലയാർ എന്നീ പുഴകളിൽ നിന്നും തിരിച്ചുവിടുന്ന ജലവും കൂടി ചേരുമ്പോൾ സ്ഥാപിതശേഷി 80 മെഗാവാട്ട് ആയി ഉയർത്താൻ സാധിക്കും.
80. 013 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ നിർമ്മാണത്തിന് വേണ്ടി വരുന്നത്. ഇതിൽ 11.913 ഹെക്ടർ വനഭൂമിയും 15.16 ഹെക്ടർ നദീതടവും ആണ്. ഈ സ്ഥലങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. 52.94 ഹെക്ടർ സ്വകാര്യഭൂമിയാണ് പദ്ധതിയുടെ നിർമ്മാണത്തിനു വേണ്ടി വരുന്നത്. വ്യാപാരികളുടെ പുനരധിവാസത്തിനാവശ്യമായ വ്യാപാര സമുച്ചയത്തിൻ്റെ നിർമ്മാണവും വൈദ്യുതി വകുപ്പ് മാങ്കുളത്ത് പൂർത്തീകരിച്ച് കഴിഞ്ഞു.