കല്‍പ്പറ്റ: ആദിവാസി മേഖലയിലെ മാനവിക വികസന സൂചികയില്‍ സമഗ്രവളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വയനാട് ജില്ലയ്ക്ക് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ രാജ്യത്ത് ഒന്നാമതാകാന്‍ കഴിയൂവെന്ന് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. വി.പി ജോയ്. ജില്ലാ ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലയില്‍ സ്കില്‍ ഡവലെപ്പ്മെന്റ്, പോഷകാഹാര കുറവ് പരിഹരിക്കല്‍, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. എങ്കില്‍ മാത്രമേ ജില്ലയുടെ മുഴുവന്‍ മാനവിക സൂചികയിലും പദ്ധതിയിലൂടെ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയൂ. ജില്ലയിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ആദിവാസി വിഭാഗമായ പണിയ, കാട്ടുനായ്ക്ക, ഊരാളി സമൂദായത്തല്‍പ്പെട്ട എസ്.എല്‍.എല്‍.സി, പ്ലസ്ടു പാസ്സായവരുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ പ്ലാനിംഗ് ഓഫിസര്‍ക്ക് നല്കാന് ട്രൈബല്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഐ.ടി.ഐ പ്രവേശനം ലഭിക്കാതെ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രിന്‍സിപ്പാളിനേയും ചുമതലപ്പെടുത്തി. ഇവരെ ജോലി സാധ്യതയുളള വിവിധ സ്കില്ലുകള്‍ പരിശീലിപ്പിച്ച് ജോലി ഉറപ്പാക്കും. നിലവില്‍ ജില്ലയില്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കുറവ് പ്രധാന പ്രശ്നമാണ്. ഇതു പരിഹരിക്കാന്‍ ജില്ലയ്ക്കകത്ത് പരിശീലനത്തിന് കുടുംബശ്രീയുടെയും പുറത്ത് മറ്റ് ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും. പലപ്പോഴും പരിശീലനത്തിലൂടെ ജോലി ലഭിച്ച് കുറച്ചുനാളുകള്‍ക്കുള്ളില്‍ അതുപേക്ഷിക്കുകയാണ് പതിവ്. ഇതിനു പരിഹാരം കാണാന്‍ കൂടി ശ്രമിച്ചു കൊണ്ടായിരിക്കണം പരിശീലനം നല്‍കേണ്ടതെന്ന നിര്‍ദ്ദേശവും വന്നു. അതിനായി വയനാട്ടില്‍ ഏറെ സാധ്യതയുള്ള ടൂറിസം മേഖലയ്ക്കു പ്രധാന പരിഗണന നല്‍കണമെന്നും ഫണ്ട് പ്രശ്നമാവില്ലെന്നും ഡോ. വി.പി ജോയി അറിയിച്ചു.
സ്കില്‍ ഡവലെപ്പ്മെന്റിനെ കൂടാതെ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍, അടിസ്ഥാന സൗകര്യ വികസനം, പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കണക്കിലെ അഭിരുചി എന്നിവയിലും ജില്ല ഏറെ പിറകിലാണ്. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നയങ്ങളും പദ്ധതികളും ആവിഷ്കരിച്ച് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്കി.
കാര്‍ഷിക മേഖലയില്‍ നിലവിലെ പദ്ധതികള്‍ ഉപയോഗിച്ച് കാര്യക്ഷമമായ ഇലക്ട്രോണിക് മാര്‍ക്കറ്റിംഗ് സംവിധാനമൊരുക്കണം. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് മാര്‍ക്കറ്റില്‍ വില്‍ക്കാനും ആവശ്യക്കാര്‍ക്ക് വാങ്ങാനുമുള്ള സംവിധാനമൊരുക്കാനും ഇതിലൂടെ കഴിയണം. ഉജ്ജ്വല യോജന ഗ്യാസ് കണക്ഷന് പദ്ധതി വഴി പുതുതായി പന്ത്രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്നും പതിനായിരത്തോളം പേര്‍ക്കു കണക്ഷന് നല്കി. ആദിവാസി മേഖലയില്‍ ലഹരി ബോധവത്കരണത്തിനുള്ള പരിപാടികള്‍ ശക്തമാക്കും. കോളനികളിലെ അടിസ്ഥാന സൗകര്യം വികസനം ത്വരിതപ്പെടുത്താന്‍ വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്കി.
നിലവില്‍ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങളും സംശയങ്ങളും നോഡല്‍ ഓഫിസര്‍മാരെ അറിയിക്കാനും അവര്‍ പരാതികള്‍ ക്രോഡീകരിച്ച് ഹയര്‍ അതോറിട്ടിക്ക് കൈമാറാനും നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ കാലതാമസം ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്കി. അംഗന്‍വാടികള്‍ വഴിയുള്ള പോഷകാഹാരം വിതരണം ത്വരിതപ്പെടുത്താന്‍ ഐ.സി.ഡി.എസ്, സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പ് എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ജനപ്രതിനിധികളുടെ സേവനം പദ്ധതിയുടെ വിജയത്തിനായി വിനിയോഗിക്കണം. ജില്ലയുടെ മാനവിക വികസന സൂചികയുയര്‍ത്താന്‍ സംഭാവന നല്കാന് തയാറായ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയുടെ തുടര്‍ച്ചയെന്നോണം ഓരോ മാസവും റാങ്കിംഗ് പുരോഗതി വിലയിരുത്താന്‍ ജില്ലാതല യോഗം ചേരും. യോഗത്തില്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി സെക്രട്ടറി ഒ. ആനന്ദന്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ്, എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.പി മേഴ്സി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പദ്ധതിയുടെ പുരോഗതി വിശദീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗവും ചേര്‍ന്നു.
