* ആദ്യത്തേത് പൂജപ്പുരയിൽ
* 155 എണ്ണം നിർമ്മാണത്തിൽ
പൊതു വിദ്യാലയങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ അങ്കണവാടികളും സ്മാർട്ട് ആകുന്നു. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടി തിരുവനന്തപുരം പൂജപ്പുരയിൽ ആരംഭിച്ചിട്ടുണ്ട്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങി എല്ലാ സൗകര്യങ്ങളും സ്മാർട്ട് അങ്കണവാടികളിൽ ഉണ്ടാകും. സംസ്ഥാനത്ത് ആകെ 33,115 അങ്കണവാടികളാണ് ഉള്ളത്. അതിൽ 155 അങ്കണവാടികളുടെ സ്മാർട്ട് നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
ഒന്നാം ക്ലാസിന് മുമ്പ് കുട്ടികൾ എത്തുന്ന ഇടമാണ് അങ്കണവാടികൾ. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാനസൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്ഥലലഭ്യതയും പരിമിതികളും പരിഗണിച്ച് 10, 7, 5 സെന്റുകളിൽ നിർമിക്കാവുന്ന അങ്കണവാടികളാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സ്മാർട്ട് അങ്കണവാടികൾക്കുള്ള വിദഗ്ധ രൂപരേഖ തയാറാക്കിയത്. അങ്കണവാടി കരിക്കുലം ജെൻഡർ ഓഡിറ്റിംഗ് നടത്തി പരിഷ്ക്കരിച്ച് ലിംഗസമത്വം ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് വനിതാ ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ 24,360 അങ്കണവാടികൾ സ്വന്തം കെട്ടിടത്തിലും 6498 അങ്കണവാടികൾ വാടക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. ഈ വർഷത്തോടെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കും.
കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാനുഭവം നൽകാനാണ് വനിതാ ശിശു വികസന വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്റേയും സാമൂഹിക ഇടപെടലിന്റെ ലോകത്തേക്ക് കടന്നുവരുന്ന കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാരീരിക മാനസിക ഉല്ലാസത്തിനും സ്മാർട്ട് അങ്കണവാടികൾ സഹായിക്കും. ആറു മാസത്തിനുള്ളിൽ സമയ ബന്ധിതമായി സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ലക്ഷ്യമിടുന്നത്.