എന്നെ ഒന്ന് പിടിച്ചേ… ഞാന്‍ ഇപ്പൊ താഴെ വീഴും… ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ വാക്കുകള്‍ കേട്ട് നിന്നവര്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് അത് ചിരി പടര്‍ത്തി. വി ആര്‍ ഗ്ലാസ്സിലൂടെ കാഴ്ചകള്‍ കണ്ടപ്പോഴയിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഈ പ്രതികരണം. വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ അല്‍ഭുത കാഴ്ചകള്‍ ആണ് എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കിഫ്ബി സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളില്‍ പ്രത്യേകം സജ്ജീകരിചിരിക്കുന്ന വി ആര്‍ ഗ്ലാസിലൂടെ ആണ് കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നത്.

കിഫ്ബിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഇരിക്കൂറില്‍ പണി കഴിപ്പിക്കാന്‍ പോകുന്ന 316 ഏക്കര്‍ വരുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിര്‍ച്ചല്‍ കാഴ്ചകളുടെ നവ്യാനുഭവം ആണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. താമര കുളത്തില്‍ നില്‍ക്കുന്നതായും കെട്ടിടത്തിന്റെ വിവിധ വശങ്ങളില്‍ നിന്നുള്ള കാഴ്ചകളും ഇതിലൂടെ കാണാന്‍ സാധിക്കും. വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഈ കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ നേരമില്ല. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം എസ് ദീപക് , എസ്. അക്ഷയ് എന്നിവരാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്.