കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സഫലമായ സന്തോഷത്തിൽ ജില്ലയിൽ 1791 കുടുംബങ്ങൾ. സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ വഴി ജില്ലയിൽ പൂർത്തിയായ ഭവനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള രണ്ടാം നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച 1791 ഭവനങ്ങളുടെ താക്കോൽ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നംകുളം കടവല്ലൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു.
വീടില്ലാത്തവർക്ക് വീട് നൽകി സർക്കാർ കൂടുതൽ ജനകീയമാകുകയാണെന്നും അഞ്ച് ലക്ഷത്തോളം പേർക്ക് ഇനിയും വീട് നൽകാൻ സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ 86 ഗ്രാമപഞ്ചായത്തുകളിലായി 1005 ഭവനങ്ങളുടെ നിർമ്മാണമാണ് പൂർത്തിയായത്. ഏറ്റവും കൂടുതൽ ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത് ഏറിയാട് ഗ്രാമപഞ്ചായത്താണ്. 173 വീടുകളാണ് നിർമ്മിച്ചത്. 65 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി തെക്കുംകര ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്.
ജില്ലയിൽ ഏഴ് നഗരസഭകളിലായി 320 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി. 122 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൊടുങ്ങല്ലൂർ നഗരസഭ ഒന്നാം സ്ഥാനത്തും 115 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഗുരുവായൂർ നഗരസഭ രണ്ടാം സ്ഥാനത്തുമാണ്. കോർപ്പറേഷനിൽ 115 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
സംസ്ഥാന തലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 20,808 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ലൈഫ് ഭവനപദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട് നിർമ്മിച്ച് നൽകിയത് എറണാകുളം ജില്ലയാണ്. 2042 ഭവനങ്ങൾ. 1989 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും. 1843 ഭവനങ്ങളുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 1791 ഗുണഭോക്താക്കളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി തൃശൂർ ജില്ല നാലാം സ്ഥാനത്താണ്.