തിരുവനന്തപുരം: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിലാണ് പരിപാടി. 4 മുതല്‍ 7 വരെയും 8 മുതല്‍ 12 വരെയുമുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും.
‘സേഫര്‍ ഫുഡ്, ബെറ്റര്‍ ഹെല്‍ത്ത്’ എന്ന വിഷയത്തില്‍ നാല് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിഭാഗത്തിന് രാവിലെ ഒമ്പത് മുതലും, എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിഭാഗത്തിന് ഉച്ചക്ക് രണ്ട് മുതലുമാണ് മത്സരം നടക്കുക.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ മക്കള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. രണ്ട് പേരടങ്ങുന്ന ഒരു ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഓരോ വിഭാഗങ്ങളിലും ഓരോ സ്കൂളില്‍ നിന്നും ഓരോ ടീമിനെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററിന്റെയോ പ്രിന്‍സിപ്പാളിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണം. താത്പര്യമുള്ള സ്കൂളുകള്‍ ജൂണ്‍ 10 വൈകിട്ട് 5 ന് മുന്‍പായി സ്കൂളിന്റെ പേര്, ടീമംഗങ്ങളുടെ പേര്, ക്ലാസ്, മത്സര വിഭാഗം എന്നീ വിവരങ്ങള്‍ foodsafetydaytvpmquiz2022@gmail.com എന്ന ഇ-മെയിലില്‍ അയച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകള്‍ക്ക് മാത്രമാണ് അവസരം.