ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് പട്ടികയില്‍ ജില്ലയില്‍ നിന്ന് 46,910 കുടുംബങ്ങള്‍. ഭൂമിയുള്ള ഭവന രഹിതര്‍ വിഭാഗത്തില്‍ 32,154 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതര്‍ വിഭാഗത്തില്‍ 14,756 കുടുംബങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ലൈഫ് 2020 പ്രകാരം ഓണ്‍ലൈനായി ലഭിച്ച പുതിയ അപേക്ഷകളുടെ ഫീല്‍ഡുതല പരിശോധനയും പുന:പരിശോധനയും പൂര്‍ത്തിയാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിന്മേലുള്ള അക്ഷേപങ്ങളും പരാതികളും പരിശോധിച്ച് പരിഹരിച്ചാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഭൂമിയുള്ള ഭവന രഹിതരുടെ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികയും ഭൂരഹിത ഭവനരഹിതരുടെ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികയും ഗ്രാമ പഞ്ചായത്ത് / നഗരസഭാ തലങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യഘട്ട അപ്പീല്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 17 വരെ അവസരമുണ്ട്. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നഗരസഭയിലെ ആക്ഷേപങ്ങള്‍ നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപവും അപ്പീലുകളും സമര്‍പ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ ഓഫീസുകളില്‍ ഹെല്പ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. അക്ഷയ സെന്റര്‍ മുഖേനയും അപ്പീല്‍ നല്‍കാം. പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്. ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കില്‍ രണ്ടാം ഘട്ട അപ്പീല്‍ സമര്‍പ്പിക്കാം. രണ്ടാം ഘട്ട അപ്പീല്‍ പരിഗണിക്കുന്നത് ജില്ലാകലക്ടര്‍ അധ്യക്ഷനും ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ്. ഓണ്‍ലൈനായി അപ്പീല്‍ സമര്‍പ്പിക്കണം. രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും അംഗീകാരത്തിന് വിധേയമാക്കും. ഓഗസ്റ്റ് 10നുള്ളില്‍ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികള്‍ അംഗീകാരം നല്‍കും. ഓഗസ്റ്റ് 16ന് അന്തിമ ഗുണഭോക്തൃ പട്ടിക വെബ്സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും.
ജില്ലയില്‍ ഓണ്‍ലൈനായി ഭൂമിയുള്ള ഭവന രഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ വിഭാഗത്തില്‍ നിന്നായി 82,468 അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. ഭൂമിയുള്ള ഭവന രഹിതര്‍ വിഭാഗത്തില്‍ 61,408 അപേക്ഷകളും ഭൂരഹിത ഭവനരഹിതര്‍ വിഭാഗത്തില്‍ 21,060 അപേക്ഷകളുമാണ് ലഭിച്ചത്. ഭൂമിയുള്ള ഭവന രഹിതര്‍ വിഭാഗത്തില്‍ പഞ്ചായത്തുകളില്‍ നിന്ന് 55,251 അപേക്ഷകളും നഗരസഭയില്‍ നിന്ന് 6,157 അപേക്ഷകളുമാണ് ലഭിച്ചത്. ഭൂരഹിത ഭവന രഹിത വിഭാഗത്തില്‍ പഞ്ചായത്തില്‍ നിന്നായി 16,541 അപേക്ഷകളും നഗരസഭയില്‍ നിന്നായി 4,519 അപേക്ഷകളുമാണ് ലഭിച്ചത്.