ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്.
92 ആരോഗ്യ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കുടുംബശ്രീ പ്രവർത്തകർ, എസ് പി സി കേഡറ്റുകൾ എന്നിവരും പങ്കാളികളായി. വീടുകളിൽ 6000 ബോധവൽക്കരണ നോട്ടീസുകളും 13500 ചോദ്യാവലിയും വിതരണം ചെയ്തു. പൂരിപ്പിച്ച ചോദ്യാവലി ആശ വർക്കർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് നറുക്കെടുപ്പിലൂടെ 14 വാർഡുകളിൽ നിന്ന് 28 പേർക്ക് സമ്മാനങ്ങൾ നൽകി. രോഗലക്ഷണമുള്ള 82 പേരുടെ  കഫം ശേഖരിച്ച് പരിശോധനക്കായി പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ചു. ഇതിൽ ഒരാൾക്ക് ക്ഷയരോഗം കണ്ടെത്തി. 
രോഗം കണ്ടെത്തുന്നവർക്ക് ആറുമാസത്തെ സൗജന്യചികിത്സ ഉറപ്പുവരുത്തുന്നുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ടും സാനിറ്റേഷൻ ഫണ്ടും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 
കോളനികൾ, അയൽക്കൂട്ടങ്ങൾ, തൊഴിലിടങ്ങൾ, ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ, അനാഥാലയങ്ങൾ, ഗ്രാമസഭകൾ എന്നിവ കേന്ദ്രീകരിച്ചും അതിഥി തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയുമാണ് വിവിധ ഘട്ടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിച്ചത്. നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകൾ പ്രചരിപ്പിച്ചും ബോധവൽക്കരണം നടത്തുന്നുണ്ടെന്ന് കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർഥന പറഞ്ഞു.
ജില്ലാ ടി ബി ഓഫീസർ ഡോ.ജി അശ്വിൻ, പയ്യന്നൂർ താലൂക്ക് ടി ബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ.അഹമ്മദ് നിസാർ, മെഡിക്കൽ ഓഫീസർ ഡോ. കെ കവിത, ഹെൽത്ത് ഇൻസ്‌പെക്ടർ കെ വി ഗിരീഷ് എന്നിവരുടെ പിന്തുണയോടെയാണ് പ്രവർത്തനം നടത്തുന്നത്. എം വിജിൻ എം എൽ എ സമ്പൂർണ ക്ഷയരോഗ ബോധവൽക്കരണ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്‌കാരത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത് കൂടിയാണ് കുഞ്ഞിമംഗലം.