തളിക്കുളം 43-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവ്വഹിച്ചു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ
അങ്കണവാടിക്കാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയമുഖം നൽകിയത്.
2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 10,42,000 രൂപ സി എഫ് സി ബേസിക് ഗ്രാന്റ് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. രണ്ട് സെൻ്റ് സ്ഥലത്ത്
385 സ്ക്വയർഫീറ്റുള്ള കെട്ടിടത്തിൽ ശിശു സൗഹൃദ ക്ലാസ് മുറി, അടുക്കള, സ്റ്റോർ റൂം, ശുചിമുറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അങ്കണവാടിയിലേക്ക് എത്തുന്ന കുരുന്നുകളെ ആകർഷിക്കാൻ പഠനമുറിയിൽ കളി ഉപകരണങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അക്ഷരങ്ങൾക്കൊപ്പം കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളും അങ്കണവാടിയുടെ ചുമരുകൾക്ക് മാറ്റ് കൂട്ടുന്നു.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, ബുഷ്‌റ അബ്ദുൾ നാസർ, എം കെ ബാബു, വാർഡ് മെമ്പർമാരായ ജീജാ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, ഐ സി ഡി എസ് സൂപ്പർവൈസർ ഭാഗ്യം, കുടുംബശ്രീ ചെയർപേഴ്സൺ ഷീജ രാമചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, അങ്കണവാടി അധ്യാപിക സുജാത, എൽ എസ് ജി ഡി എൻജിനീയർ ആര്യ, ഓവർസിയർമാരായ രാജ്മോഹൻ, ശാന്തി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.