ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വ്യാജമദ്യ ഉല്‍പാദനം, വിതരണം, കടത്ത്, പുകയില ഉല്‍പ്പങ്ങളുടെ അനധികൃത വില്പന, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണം ഒരുക്കി എക്സൈസ് വകുപ്പ്. വകുപ്പിന് കീഴില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും, വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികളും ജില്ലാതല ജനകീയ കമ്മിറ്റി വിലയിരുത്തി. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലഹരിവിരുദ്ധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.

ലഹരിവസ്തുക്കളുടെ അനധികൃത ഉപയോഗവും വില്പനയും നിരീക്ഷിക്കുന്നതിനായി എക്സൈസ് ജില്ലാ ഓഫീസില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് 0471-2473149 എന്ന നമ്പറില്‍ അറിയിക്കാം. കൂടാതെ ജില്ലയില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവ് നടന്നു വരുന്നു. മൂന്ന് മുഴുവന്‍ മുഴുവന്‍ സമയ സ്പെഷ്യല്‍ സ്‌ക്വാഡും രണ്ട് സ്ട്രൈകിംഗ് ഫോഴ്‌സും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുണ്ട്. അതിര്‍ത്തികള്‍ വഴിയുള്ള ലഹരി കടത്ത് തടയാനായി ബോര്‍ഡര്‍ പട്രോളിംഗ് ടീമുമുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, പാര്‍സല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചും പരിശോധിക്കുന്നുണ്ട്. പോലീസ്, വനം വകുപ്പ്, തീരദേശ പോലീസ്, ആര്‍ പി എഫ്, തമിഴ്നാട് പോലീസിന്റെ പ്രൊഹിബിഷന്‍ വിംഗ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാന് പരിശോധന നടത്തുന്നത്.

ജനങ്ങളുടെ സഹകരണവും വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടലുമാണ് ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിന് ആവശ്യമെന്ന്  ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് പറഞ്ഞു. ഓണാവധിക്ക് ശേഷം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. കൂടാതെ, പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് – താലൂക്ക് ജനകീയ സമിതികളുടെ ഇടപെടല്‍ ഊര്‍ജിതമാക്കും. വായനശാലകള്‍, ക്ലബ്ബുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണവും ഉറപ്പാക്കും.