ഗാർഹിക ഉപയോക്താക്കൾക്കുള്ള കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായുള്ള സ്പോട്ട് രജിസ്ട്രേഷൻ കാമ്പയിൻ കളക്ട്രേറ്റിൽ നടന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. 40 ശതമാനം സബ്സിഡിയോടെ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനായി അംഗീകൃത സോളാർ പാനൽ വിതരണക്കാരുമായി ഉപയോക്താക്കൾക്ക് സംവദിക്കാനും സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാനുമുള്ള സൗകര്യം കാമ്പയിനിൽ ഒരുക്കിയിരുന്നു.
കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. നൗഷാദ് പദ്ധതി വിശദീകരിച്ചു. സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇ-കിരൺ പോർട്ടൽ വഴി ഉപയോക്താക്കൾ രജിസ്ട്രേഷൻ ചെയ്യേണ്ടരീതിയും വിശദീകരിച്ചു. ചടങ്ങിൽ കെ.എസ്.ഇ.ബി സൗര പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ബൈജു, സൗര അസിസ്റ്റന്റ് എൻജിനീയർമാരായ പി.ആർ അനിൽ കുമാർ, ആന്റേഴ്സൺ സാമുവൽ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
