സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു
കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടുമെത്തുന്ന ജില്ലാ കേരളോത്സവം വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന വിവിധ കലാ, കായിക മത്സരങ്ങളില്‍ വിജയികളാവുന്നവരെ പങ്കെടുപ്പിച്ച് നടത്തുന്ന ജില്ലാ കേരളോത്സവം ജില്ലയുടെയാകെ ഉത്സവമാക്കി മാറ്റണമെന്ന് ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. കലയിലൂടെയും സ്പോര്‍ട്സിലൂടെയും സമൂഹത്തിലെ സമത്വ, സാഹോദര്യ ബോധം ശക്തിപ്പെടുത്തുന്നതില്‍ കേരളോത്സവത്തിന് മികച്ച പങ്ക് വഹിക്കാനാവും. കോവിഡ് പ്രതിസന്ധിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കേരളോത്സവത്തെ ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. ജില്ലാ കേരളോത്സവം തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ജില്ലയിലെ യൂത്ത് ക്ലബ്ബുകള്‍, കലാ സാംസ്ക്കാരിക സംഘടനകള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍ കുടുംബശ്രീ, യുവജന- സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെ വന്‍ വിജയമാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ ഡിസംബര്‍ 10, 11, 12 തീയതികളില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഡിസംബര്‍ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖങ്ങള്‍, കായിക താരങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍ 22ന് മുമ്പായി തീര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. കലാ-കായിക മല്‍സരങ്ങളുടെ വേദികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നവംബര്‍ 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന സംഘാടക സമിതി യോഗത്തില്‍ അന്തിമ രൂപം നല്‍കും.
ജില്ലാ കേരളോത്സവത്തിന്റെ വിജയത്തിനായി ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിക്ക് യോഗം പ്രാഥമിക രൂപം നല്കി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന കേരളോത്സവങ്ങളിലെ വിജയികളാണ് ജില്ലാ കേരളോത്സവത്തില്‍ പങ്കെടുക്കുക. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും നടക്കുന്ന മല്‍സരങ്ങളിലെ വിജയികള്‍ നേരിട്ട് ജില്ലാതലത്തില്‍ പങ്കെടുക്കും. ദേശീയ മല്‍സര ഇനങ്ങള്‍, കലാസാഹിത്യ മത്സരങ്ങള്‍, അത്ലറ്റിക്സ്, ഗെയിംസ്, നീന്തല്‍, കളരിപ്പയറ്റ് വിഭാഗങ്ങളിലായാണ് ജില്ലാതലത്തില്‍ മത്സരങ്ങള്‍ നടക്കുക. സംസ്ഥാനതല കലാമത്സരങ്ങള്‍ ഡിസംബര്‍ 20 മുതല്‍ 23 വരെയും കായിക മത്സരങ്ങള്‍ 27 മുതല്‍ 30 വരെയും നടക്കും.
ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണന്, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ എ വി വല്ലഭന്, കോര്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം എ ഗോപകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒ എ സുധീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത്, കോര്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്, അംഗങ്ങള്‍, യുവജന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.