കാടുകുറ്റി പഞ്ചായത്തിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിന് മേഘാലയ പ്രതിനിധി സംഘം പഞ്ചായത്ത് സന്ദർശിച്ചു. ദാരിദ്ര ലഘൂകരണത്തിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

അതിദരിദ്രരായി പഞ്ചായത്ത് കണ്ടെത്തിയവരുടെ വീടുകളിലും ലൈഫ് മിഷനിലൂടെ നിർമിച്ച വീടുകളിലും പ്രതിനിധി സംഘം സന്ദർശനം നടത്തി.

പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും സംഘം വിശദമായ വിലയിരുത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന അമൃതം പൊടി നിർമാണ യൂണിറ്റ്, ഹരിതകർമസേനയുടെ എം സി എഫ് പ്രവർത്തനം, പഞ്ചായത്തിലെ കുടുംബശ്രീയുടെ കാറ്ററിംഗ് യൂണിറ്റായ മികവിൻ്റെ പ്രവർത്തനം, കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തുന്ന പശു ഫാം, വനിതാ ഫിറ്റ്നസ് സെൻ്റർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

സ്മാർട് അങ്കണവാടികൾ, ചാത്തൻചാലിൻ്റെ നിർമാണപ്രവർത്തനം, പഞ്ചായത്തിൻ്റെ ഇൻഡോർ സ്റ്റേഡിയം, കൃഷിഭവൻ, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിനിധി സംഘം സന്ദർശനം നടത്തി.

മേഘാലയയിൽ നിന്നുള്ള ആറ് അംഗങ്ങളാണ് സന്ദർശനത്തിന് എത്തിയത്. പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡൻ്റ് പി സി അയ്യപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.