തൃശൂർ കോർപറേഷൻ ഒല്ലൂർ മേഖല തൊഴിൽ സഭ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ഒല്ലൂർ ശ്രീഭവൻ ഹാളിൽ നടന്ന ചടങ്ങിൽ 550 പേർക്ക് തൊഴിൽ നൽകുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി.
അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന മഹത്തായ ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ രാജൻ പറഞ്ഞു. ഇതിനായി എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ വിവിധങ്ങളായിട്ടുള്ള വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രവർത്തിച്ചാൽ 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം വേഗത്തിൽ നേടിയെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തൊഴിലിനും അതിന്റേതായ അഭിമാനമുണ്ട് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കണം. തൊഴിൽ അന്വേഷകർ തൊഴിൽ സംരംഭകരാകുകയാണ്. തൃശൂർ ലേണിംഗ് സിറ്റിയായി മാറുമ്പോൾ ഇവിടെ സൃഷ്ടിക്കാൻ പോകുന്ന തൊഴിലാവസരങ്ങളുടെ എണ്ണം വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആർ രാഹേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് തൊഴിൽ സഭയുമായി ബന്ധപ്പെട്ട വീഡിയോ അവതരണവും ഗ്രൂപ്പ് ചർച്ചയും നടന്നു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ലാലി ജെയിംസ്, ഡിവിഷൻ കൗൺസിലർ കരോളിൻ പെരിഞ്ചേരി, ഡി പി സി മെമ്പർ സി പി പോളി മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.