സാര്‍വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സംഘടിപ്പിച്ച ഭിന്നശേഷിക്കുട്ടികളുടെ സംഗമം ശ്രദ്ധേയമായി. കഴക്കൂട്ടം ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ നടന്ന സംഗമവും ശിശുദിന വാരാഘോഷ സമാപനവും സംസ്ഥാന ബാലാവകാശ കമ്മിഷന് ബ്രാന്‍ഡ് അംബാസഡര്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മംഗലപുരം, മാണിക്കല്‍, നെല്ലനാട്, പോത്തന്‍കോട് ഗ്രാമപഞ്ചായത്തുകളിലെ ബഡ്സ് സ്കൂളുകളില്‍ നിന്നും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആറ് ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും ഡിഫറന്റ് ആര്‍ട്സ് സെന്ററില്‍ നിന്നുമുള്ള അഞ്ഞൂറോളം കുട്ടികളാണ് സംഗമത്തില്‍ പങ്കെടുത്തത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങളുടെയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി ‘ഭിന്നശേഷി സൗഹൃദ ലോകം പടുത്തുയര്‍ത്തുക’യെന്ന ലക്ഷ്യത്തോടെ സാര്‍വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ സംരക്ഷണ യൂണിറ്റുകളില്‍ ‘സൈബര്‍ സുരക്ഷയും കുട്ടികളു’മെന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുകയും 36 ഹോമുകളില്‍ ശിശുദിനവാരം ആഘോഷിക്കുകയും ചെയ്തു. ഈ പരിപാടികളുടെ സമാപനമെന്ന നിലയിലാണ് സംഗമമൊരുക്കിയത്. വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാനും ഗോപിനാഥ് മുതുകാടുമായി സംവദിക്കാനും സെന്ററിലെ കാഴ്ചകള്‍ ആസ്വദിക്കാനും രക്ഷിതാക്കളുള്‍പ്പെടെ എല്ലാവര്ക്കും അവസരമുണ്ടായിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ബാലാവകാശ കമ്മിഷന് അംഗങ്ങളായ സി.വിജയകുമാര്‍, എന്‍.സുനന്ദ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി തുടങ്ങിയവരും പങ്കെടുത്തു.