കബനിയ്ക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കോട്ടത്തറയിയില്‍ 35 നീര്‍ച്ചാലുകള്‍ കണ്ടെത്തി. പേര് നല്‍കി അടയാളപ്പെടുത്തുന്ന നടപടികളും പൂര്‍ത്തിയായി. ഇവയില്‍ 30 തോടുകള്‍ നന്നായി പരിപാലിക്കുന്നവയും ഒഴുക്കുള്ളതുമാണ്. 5 തോടുകളില്‍ ഇടപെടലുകള്‍ ആവശ്യമാണ്.

നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന നദിയായ കബനിയുടെയും കൈവഴികളുടെയും പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ക്യാമ്പയിനാണ് ‘കബനിയ്ക്കായ് വയനാട്. ആദ്യഘട്ടത്തില്‍ 15 തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനം ലഭിച്ച നവകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ജില്ലയിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരള ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ ഒ.എസ്.എം ട്രാക്കര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് നീര്‍ച്ചാലുകള്‍ കണ്ടെത്തുന്നത്. ”ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്” എന്ന ബ്രൗസിംഗ് സംവിധാനത്തിലൂടെ ട്രെയിസ് ചെയ്ത തോടുകള്‍ ‘ആം ചെയര്‍ മാപ്പിംഗ്’ എന്ന സംവിധാനത്തിലൂടെ ഡിജിറ്റലായി വരയ്ക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലേയും പ്രധാന തോടുകളും നീര്‍ച്ചാലുകളും ഗ്രിഡുകളായി ഉള്‍പ്പെടുത്തിയ ക്യു.ജി.ഐ.എസ് മാപ്പ് ഓരോ പ്രദേശ ത്തുമുളള തോടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ആംചെയര്‍ മാപ്പിംഗ് ചെയ്ത തോടുകള്‍ ഐ.ടി മിഷന്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

കബനി നദിയുടെ സുസ്ഥിര നിലനില്‍പ്പ് ഉറപ്പു വരുത്തുക, കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക, കബനി നദിയേയും ചെറിയ നീര്‍ച്ചാലുകളെയും ശാസ്ത്രീയ മാപ്പിംഗിലൂടെ രേഖപ്പെടുത്തി അവതരിപ്പിക്കുക, നദിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ആസൂത്രണം നടത്തുക, നദീപുനരുജ്ജീവനത്തിന്റെ ഫലമായി കൃഷി ടൂറിസം മേഖലകളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ കണ്ടെത്തുകയും അത് ജനങ്ങളുടെ ഉപജീവനത്തിന് ഉതകുന്നതാക്കി മാറ്റുകയും ചെയ്യുക, നിലവിലുള്ള വരുമാന സ്രോതസ്സുകള്‍ നിലനിര്‍ത്തുകയും പുതിയവ കണ്ടെത്തുകയും ചെയ്യുക, നദിയുടെ സുസ്ഥിര നിലനില്‍പിന് ശാസ്ത്രീയമായ മാലിന്യസംസ്‌കരണ രീതികള്‍ അവലംബിക്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍.