അരുവിക്കരയെ സമ്പൂര്‍ണ അജൈവമാലിന്യ മുക്ത മണ്ഡലമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഗ്രീന്‍ അരുവിക്കര’ ക്യാമ്പയിന് ലഭിക്കുന്നത് മികച്ച പ്രതികരണം. ക്യാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ 21,304 കിലോഗ്രാം മാലിന്യമാണ് മണ്ഡലത്തില്‍ നിന്നും നീക്കം ചെയ്തത് . ചെരുപ്പ്,ബാഗ്, തെര്‍മോകോള്‍ അടക്കമുള്ള ഖരമാലിന്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ശേഖരിച്ചത്. ആര്യനാട്, പൂവച്ചല്‍, തൊളിക്കോട്,  ഉഴമലയ്ക്കല്‍,  അരുവിക്കര, വെള്ളനാട്, വിതുര പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.

ബഹുജന പങ്കാളിത്തത്തോടൊപ്പം തദ്ദേശ സ്ഥാപനങ്ങള്‍, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. വാര്‍ഡ്തല കളക്ഷന്‍ സെന്ററുകളില്‍ ശേഖരിക്കുന്ന മാലിന്യം ഹരിതകര്‍മ്മസേനകള്‍ വഴി പഞ്ചായത്ത് കളക്ഷന്‍ സെന്ററില്‍ എത്തിക്കും. വിവിധ തരം മാലിന്യങ്ങള്‍ പ്രത്യേക ദിവസങ്ങളിലായാണ് ശേഖരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് തുണിത്തരങ്ങള്‍, 16ന് ചില്ലു മാലിന്യങ്ങള്‍, ഡിസംബര്‍ 23ന് ഇ- വേസ്റ്റ്, ബള്‍ബ്, ടൂബ് ലൈറ്റുകള്‍ എന്നിവ നീക്കം ചെയ്യും.ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച ക്യാമ്പയിന്‍ 31 വരെ തുടരും.