പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ നിശ്ചയദാർഢ്യത്തോടെയും മനോധൈര്യത്തോടെയും പൊരുതിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ പ്രതിഭകൾ എല്ലാവർക്കും മാതൃകയാക്കാവുന്ന പാഠപുസ്തകമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നമ്മൾ ബേപ്പൂരും റഹിമാൻ ബസാർ ഫുട്ബോൾ അസോസിയേഷനും (റഫ) ഏഞ്ചൽസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഉയരെ പ്രതിഭാസംഗമവും കലാവിരുന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ചു ജീവിതത്തിൽ മുന്നേറുന്ന പ്രതിഭകളെ വേദിയിൽ ആദരിച്ചു. വിവിധ ജില്ലകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നവരെയും ഉപഹാരം നൽകി ആദരിച്ചു. മുല്ലവീട്ടിൽ മൊയ്‌ദീൻ കോയ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് പി.കെ പാറക്കടവ് മുഖ്യാതിഥിയായിരുന്നു. ഏഞ്ചൽസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് പി.ടി റഹ്മത്ത് നസീർ സ്വാഗതവും റഫ ജനറൽ കൺവീനർ ആദം മാലിക് നന്ദിയും പറഞ്ഞു.