മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജാണ് വ്യാഴാഴ്ച രാവിലെ ആശുപത്രി അധികൃതരെപ്പോലും മുന്‍കൂട്ടി അറിയിക്കാതെ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
ഔദ്യോഗിക വാഹനം മാറ്റി നിര്‍ത്തി എച്ച്. സലാം എം.എല്‍.എ. ഓടിച്ച സ്വകാര്യ വാഹനത്തില്‍ എത്തിയ മന്ത്രി, കാര്‍ഡിയോളജി ഒ.പി യിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് സര്‍ജറി, പീഡിയാട്രിക്, ഓര്‍ത്തോ വിഭാഗം ഒ.പി.കളും ലേബര്‍ റൂം ഗൈനക്കോളജി ഒ.പി.കളും വാര്‍ഡുകളും സന്ദര്‍ശിച്ചു.
മന്ത്രിയെത്തിയ വിവരമറിഞ്ഞ് ആശുപത്രി ജീവനക്കാരും നേഴ്‌സുമാരും എത്തിയെങ്കിലും അവരോട് ജോലിയില്‍ തുടരാന്‍ മന്ത്രി നിര്‍ദേശിച്ചു. ഈ സമയം ചില രോഗികളും കൂട്ടിരിപ്പുകാരുമെത്തി പരാതികള്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നവയില്‍ ചില മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ല, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിങ്ങനെയായിരുന്നു പരാതികളില്‍ അധികവും.
മരുന്നുകള്‍ എഴുതി നല്‍കിയ ചീട്ടുകളുടെ ചിത്രം മന്ത്രി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മരുന്നുകളാണോ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതെന്ന് പരിശോധിക്കാമെന്നും മറ്റു കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലും പരിസരത്തും പൊലീസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്നും എയ്ഡ് പോസ്റ്റിലേക്ക് ആവശ്യമായ പൊലീസുകാരെ ലഭ്യമാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കാമെന്നും മന്ത്രി അറിയിച്ചു. ഡ്യൂട്ടിയില്‍ എത്തിയ ഡോക്ടര്‍മാരുടെയും ഡ്യൂട്ടി ചുമതല ഉണ്ടായിട്ട് എത്താതിരുന്ന ഡോക്ടര്‍മാരുടെയും വിവരങ്ങള്‍ രേഖാമൂലം ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു.
എച്ച് സലാം എം.എല്‍.എ.യുടെ നിര്‍ദ്ദേശാനുസരണം രോഗികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കുമായി അത്യാഹിത വിഭാഗത്തിലുള്‍പ്പടെ വരുത്തിയ നൂതന മാറ്റങ്ങളില്‍ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എ. അബ്ദുള്‍ സലാമും മന്ത്രിക്കൊപ്പമുണ്ടായിരുന്നു