ദുരന്തങ്ങളെ നേരിടാനൊരുങ്ങി ജില്ല

വ്യാഴാഴ്ച രാവിലെ 9.40 ന് ഒല്ലൂർ ദേശീയപാതയിൽ ഫിനോയിൽ ചോർച്ചയുണ്ടെന്ന വിവരം. മിനിറ്റുകൾക്കുള്ളിൽ ഫയർഫോഴ്സിന്റെ ഫയർ എഞ്ചിനുകൾ ഹോണുകൾ മുഴക്കി ദേശീയപാതയിലേയ്ക്ക്. 9.50 ന് കുന്നംകുളം മുൻസിപ്പാലിറ്റി പരിധിയിലെ ചാട്ടുകുളത്ത് 30 വീടുകളിൽ വെള്ളം കയറി, രണ്ട് പേർ ചാട്ടുകുളത്ത് മുങ്ങിത്താഴുന്നു. വിവരത്തിന് പിന്നാലെ ഫയർഫോഴ്സും പൊലീസും ചാട്ടുകുളത്തേയ്ക്ക്. കനത്ത മഴയെ തുടർന്ന് കനോലി കനാൽ പരിസരത്ത് 12 പേരോളം കുടുങ്ങി കിടക്കുന്നതായി മറ്റൊരു വിവരം. ചാലക്കുടിയിൽ റെഡ് അലർട്ട്, ഷോളയാർ ഡാം തുറന്നതായി വിവരം, ജനങ്ങളെ ഒഴിപ്പിക്കൽ, മുകുന്ദപുരം താലൂക്കിൽ 60 പേരെ രക്ഷപ്പെടുത്തി. അപ്രതീക്ഷിതമായി വന്ന മുന്നറിയിപ്പ് സന്ദേശങ്ങളിൽ ജില്ല ആദ്യം ഒന്ന് പകച്ചു. പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മോക്ക്ഡ്രില്ലാണ് ആദ്യം ആശങ്കയും പിന്നീട് കൗതുകവുമായത്.

കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ  താലൂക്ക് അടിസ്ഥാനത്തിൽ ജില്ലയിൽ അഞ്ചിടങ്ങളിലായാണ് മോക്ക് ഡ്രില്ലുകൾ നടന്നത്. മുകുന്ദപുരം താലൂക്കിൽ പടിയൂർ പഞ്ചായത്തിലെ ചുള്ളിപ്പാലം, തൃശൂർ താലൂക്കിലെ കോർപ്പറേഷൻ കീഴിലുള്ള പള്ളിക്കുളം, ചാവക്കാട് താലൂക്കിൽ ചാവക്കാട് മുൻസിപ്പൽ ഗ്രൗണ്ടിന് സമീപമുള്ള കനോലി കനാൽ, ചാലക്കുടി താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ആറാട്ടുകടവ്, കുന്നംകുളം താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ചാട്ടുകുളം എന്നിവിടങ്ങളിലായാണ് മോക്ക് ഡ്രിൽ നടന്നത്.

പ്രളയത്തോടൊപ്പം അണക്കെട്ടുകളിൽ നിന്ന് അധികജലം ഒഴുക്കി വിടുന്ന സാഹചര്യവും പ്രളയത്തിൽ വ്യവസായ ശാലകളിൽ നിന്നുള്ള വിഷപദാർത്ഥങ്ങൾ ലീക്ക് ചെയ്യുന്ന സാഹചര്യവുമാണ് മോക്ക്ഡ്രില്ലിൽ ഉൾപ്പെടുത്തിയത്.

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് വിലയിരുത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകൻ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഇരുന്ന് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. വിവിധ കേന്ദ്ര സേനകളിൽ നിന്നുള്ള പ്രതിനിധകൾ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നിരീക്ഷകരായി.