കിളിമാനൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസിലെ പ്രീപ്രൈമറി കെട്ടിടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. 10 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ഒ. എസ്. അംബിക എം.എല്‍.എ നിര്‍വഹിച്ചു. കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൊട്ടറ മോഹന്‍കുമാര്‍ അധ്യക്ഷനായിരുന്നു.

സര്‍വ്വശിക്ഷാ കേരളയുടെ  സ്റ്റാര്‍സ് മോഡല്‍ പ്രീ പ്രൈമറി  പദ്ധതിയിലുള്‍പ്പെടുത്തി ‘കിളിക്കൂട്’ എന്ന പേരിലാണ് കെട്ടിടം പുതുക്കി പണിയുന്നത്. ക്ലാസ് മുറികളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങള്‍ ആകര്‍ഷകമായ വിധത്തില്‍ നവീകരിക്കും. കുട്ടികള്‍ക്ക് വേണ്ടി പാര്‍ക്ക്, ഹരിത ഉദ്യാനം, പൂന്തോട്ടം, കളിസ്ഥലം, ക്ലാസ് മുറികള്‍ക്കകത്തും പുറത്തും സ്റ്റേജുകള്‍, ഉയര്‍ന്ന പഠന അന്തരീക്ഷം സാധ്യമാക്കുന്ന ക്ലാസ് മുറികള്‍ എന്നിവയാണ് പദ്ധതിയിലൂടെ സജ്ജീകരിക്കുന്നത്. ഫെബ്രുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നാല് മുറികളോടുകൂടിയ ഒറ്റനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തില്‍, നിലവില്‍ അന്‍പതിലധികം കുട്ടികളുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.