ആരോഗ്യവകുപ്പിന് കീഴിലുള്ള പോഷകാഹാര കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പോഷകാഹാര വിശകലനം, പോഷകാഹാര ലൈവ് ഡമോണ്‍ സ്റ്റേഷന്‍, ആരോഗ്യ സൂചിക നിര്‍ണ്ണയം, പോഷകാഹാര കിറ്റ് വിതരണം എന്നിവയും നടന്നു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുരുതര പോഷകാഹാര കുറവുള്ള കുട്ടികള്‍, ഹൈറിസ്‌ക് ഗര്‍ഭിണികള്‍, നവ ദമ്പതികള്‍ തുടങ്ങി 130 ഓളം പേര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിളര്‍ച്ച നിര്‍ണ്ണയ പരിശോധന നടത്തി. വിളര്‍ച്ച രോഗം കണ്ടെത്തിയവര്‍ക്ക് തുടര്‍ചികിത്സ നല്‍കുമെന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ അറിയിച്ചു.

പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ജിതേഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലതകുമാരി, പബ്ലിക് ഹെല്‍ത്ത് നഴ്സ് റുക്കിയ റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി, ഡയറ്റീഷ്യന്‍മാരായ അസ്‌ന ഷെറിന്‍, മരകതം, അസിസ്റ്റന്റ് റിസേര്‍ച്ച് സൈന്റിസ്റ്റ് സന്തോഷ് കുമാര്‍, സംസ്ഥാന പോഷകാഹാര കാര്യാലയ പ്രതിനിധികളായ സ്റ്റേറ്റ് ന്യൂട്രീഷന്‍ ഓഫീസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, കെ.ബി സുഹാസ്, ഓഫീസ് ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.