സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേരളസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്) വനിതകൾക്കായി സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ നാലാം പതിപ്പ് ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 18 വരെ ഐസിഫോസിലെ സ്‌പോർട്‌സ് ഹബ് ക്യാമ്പസിൽ സംഘടിപ്പിക്കും. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയർ മേഖലയിൽ വനിതാ ഗവേഷകർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാച്വറൽ ലാംഗ്വേജ് പ്രൊസസിംങ്, മെഷീൻലേണിംങ്, ഡാറ്റാ അനലറ്റിക്‌സ് എന്നീ നൂതന വിഷയങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ വിന്റർ സ്‌കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗവേഷകർ, അധ്യാപകർ, കമ്പനി പ്രൊഫഷണലുകൾ തുടങ്ങിയ മേഖലകളിൽ നിന്ന് നൂറ്റമ്പതിലധികം വനിതകളാണ് മൂന്ന് ഘട്ടങ്ങളിലായി പരിശീലനം പൂർത്തിയാക്കിയത്. വിദേശ സർവകലാശാലകളിലും ഐ.ഐ.ടികളിലുമാണ് ഇത്തരം വിന്റർ, സമ്മർ സ്‌കൂളുകൾ സാധാരണയായി നടത്തി വരുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ഐസിഫോസ്സ് സംഘടിപ്പിച്ച മൂന്ന് വിന്റർ സ്‌കൂളുകളിലും കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു. ”യന്ത്രവിവർത്തനവും സ്വാഭാവിക ഭാഷാസംസ്‌കരണവും ആണ് നാലാം പതിപ്പിന്റെ വിഷയം. ഇന്ത്യയിലെ വിവിധ സർവകലാശാലകളിലേയും സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലേയും വിദഗ്ധരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ജെന്റർ ആന്റ് ടെക്‌നോളജി പദ്ധതിയുടെ ഭാഗമായി നടത്തുന്നതുകൊണ്ടുതന്നെ സ്ത്രീകളെ മാത്രമാണ് പരിപാടിയിൽ പ്രതിനിധികളായി പ്രതീക്ഷിക്കുന്നത്.

https://schools.icfoss.org  വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 28. കൂടുതൽ വിവരങ്ങൾക്ക്: 7356610110, 9400225962, 2700012/13, 0471 2413013.