ക്യാമ്പില്‍ കഴിയുന്ന ജനങ്ങളെ വീടുകളില്‍ തിരിച്ചെത്തിക്കുന്നതിനും അടിയന്തിര നടപടികള്‍
ആലപ്പുഴ: കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വെള്ളമിറങ്ങാത്ത സ്ഥലങ്ങൾ താമസയോഗ്യമാക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പമ്പിംഗ് നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ പദവി വഹിക്കുന്ന ഗ്രാമവികസന കമ്മീഷണർ എന്‍. പത്മകുമാര്‍ പറഞ്ഞു. കൈനകരിയിലെ കനകശ്ശേരി, വടക്കേ വാവാക്കാട്, കൂലിപ്പുരയ്ക്കല്‍, പരിത്തിവളവ്, ആര്‍ ബ്ലോക്ക് എന്നിവിടങ്ങളിലെ പമ്പിംഗ് നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തുകയായിരുന്നു കളക്ടര്‍ .പമ്പിംഗ് ആരംഭിച്ചിട്ടില്ലാത്ത കൂലിപ്പുരയ്ക്കല്‍ പാടശേഖര സമിതിയുടെ ഭാരവാഹിയെ ഫോണില്‍ വിളിച്ചു ഉടന്‍ തന്നെ പമ്പിംഗ് ആരംഭിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 34 പമ്പുകളാണ് വിവിധ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. താല്‍കാലികമായി എത്തിച്ചിരിക്കുന്ന ബാര്‍ജ്ജുകളിലാണ് പമ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏഴു ദിവസം കൊണ്ടു കൈനകരിയിലെ മടീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചു കളയാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 31 പമ്പുകളാണ് കൈനകരിയില്‍ മാത്രം സ്ഥാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിവുള്ളതാണ് ഈ പമ്പുകള്‍. വെള്ളം കയറി നശിച്ച പമ്പുകളുടെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനായി കൊല്ലത്തുനിന്നുള്ള സംഘം നാളെ ജില്ലയിലെത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ മുരളീധരന്‍ പിള്ള, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരണ്‍ ബാബു, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈനി ലൂക്കോസ്, പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ബീനാ നടേശ് തുടങ്ങിയവരും സ്ഥലങ്ങൾ സന്ദർശിച്ചു.