ജൈവവൈവിധ്യത്തിന്റെ പ്രധാന കലവറകളിൽ ഒന്നാണ് കടൽ. പക്ഷേ അനുദിനം കടലിലേക്ക് തള്ളുന്ന മാലിന്യത്തിന്റെ അളവ് വർദ്ധിച്ചു വരികയാണ്. അതിൽ ഏറ്റവും അപകടം സൃഷ്ടിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടുത്തെ ആവാസ വ്യവസ്ഥയ്ക്ക് എത്രത്തോളം വെല്ലുവിളിയാകുന്നു എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് എന്റെ കേരളം പ്രദർശന മേളയിലെ മത്സ്യബന്ധന വകുപ്പിന്റെ സ്റ്റാളിൽ.
കടലിലെ ഒരു ആമ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന തരത്തിൽ ഒരുക്കിയിക്കുന്ന സ്റ്റാൾ ഏറെ അർത്ഥവത്തായ സന്ദേശമാണ് വിളിച്ചു പറയുന്നത്. പലരും ആമയുടെ രൂപം കണ്ട് കൗതുകത്തോടെയാണ് സ്റ്റാളിലേക്ക് പ്രവേശിക്കുന്നത്. മടങ്ങുന്നത് വലിയൊരു തിരിച്ചറിവുമായിട്ടും.
കടലിനെയും തീരത്തെയും സംരക്ഷിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ്’ ശുചിത്വ സാഗരം സുന്ദര തീരം’ മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ആ പ്രവർത്തനങ്ങളുടെ ഭാഗമായിക്കൂടിയാണ് ഇത്തരത്തിലൊരു സ്റ്റാൾ ക്രമീകരിച്ചത്.