എന്റെ കേരളം വിപണനമേളയെ ‘ഗെറ്റ് റ്റുഗെതർ’ വേദിയാക്കി 12 സ്ത്രീകൾ. അമ്പലമുകൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1991 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് മറൈൻ ഡ്രൈവിൽ നടന്നു വരുന്ന എന്റെ കേരളം വിപണന മേളയിൽ ഒത്തുകൂടിയത്.

സ്കൂൾ കാലഘട്ടം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിഞ്ഞു. പിന്നീട് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും സൗഹൃദം വീണ്ടെടുത്തു. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് യാത്രകളും ഒത്തു ചേരലുകളുമെല്ലാം പ്ലാൻ ചെയ്യുന്നത്. കുട്ടികളെയും കുടുംബത്തെയും കൂടെ കൂട്ടണമെന്നു ആഗ്രഹമുള്ളവർക്ക് ആവാം.

വാഗമൺ, മൂന്നാർ, അതിരപ്പിള്ളി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ബാച്ചിലുള്ള മറ്റു സുഹൃത്തുക്കളെയും കൂട്ടി പോയിട്ടുണ്ട്. സ്ത്രീകൾ മാത്രമായിട്ടുള്ള ഒത്തു ചേരൽ ഇത് ആദ്യമായാണ്.

വീട്ടിലെയും ജോലി സ്ഥലത്തെയും തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ഒരു ദിവസത്തെ ആഘോഷമാക്കാനാണ് എന്റെ കേരളം പ്രദർശന വിപണന മേള കാണാനെത്തിയതെന്ന് അവർ പറയുന്നു. യാത്രകളും ആഘോഷങ്ങളും മാത്രമല്ല, ചാരിറ്റി പ്രവർത്തനങ്ങളിലും ഈ കൂട്ടായ്മയിലൂടെ ഭാഗമാകാറുണ്ട്. ജയന്തി, സുനിത, നിഷ, ജോളി, ദീപ, ദിന, രാജേശ്വരി, ഷൈലജ, മിനി, സുധ, പ്രീതി, റീന എന്നിവരാണ് എന്റെ കേരളം പ്രദർശന മേളയിലെത്തിയത്.