ജില്ലാ കളക്ടറുടെയും എം.എൽ.എ യുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു
വൈപ്പിന്‍ നിയോജക മേഖലയിലെ കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശം നല്‍കി. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. ഞാറയ്ക്കൽ മുരിക്കുംപാടം എന്നിവിടങ്ങളിൽ പണിപൂർത്തിയായ കുടിവെള്ള ടാങ്കുകൾ എത്രയും വേഗം കമ്മീഷൻ ചെയ്ത് ജലവിതരണം ആരംഭിക്കും.
കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യത്തിന് ടാങ്കറുകള്‍ ലഭ്യമാക്കാനും മറ്റ് സമാന്തരനടപടികള്‍ സ്വീകരിക്കാനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. വീതി കുറഞ്ഞ വഴികളുള്ള പ്രദേശമായതിനാല്‍ വലിയ ടാങ്കര്‍ ലോറികള്‍ പ്രദേശത്തേക്ക് എത്തിക്കുക ബുദ്ധിമുട്ടാണെന്നും അതൊകൊണ്ട് ചെറിയ ടാങ്കര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതാകും പ്രായോഗികമെന്നും യോഗം വിലയിരുത്തി. കഴിയുന്ന ഇടങ്ങളില്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്നും കളക്ടര്‍ പറഞ്ഞു. വൈദ്യുത തടസ്സം മൂലം പ്രദേശത്തേയ്ക്കുള്ള പമ്പിംഗ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണം.
അടിക്കടിയുണ്ടാകുന്ന പമ്പിംഗ് തകരാറുകൾ ശാശ്വതമായി പരിഹരിക്കാൻ വേണ്ട നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, കെ.എസ്.ഇ. ബി ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.