നാടിന്റെ വികസനത്തിനു വിലങ്ങുതടിയായി നില്ക്കുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗം വി.കെ.രഘുവും, നാലാം വാര്‍ഡ് അംഗം ജോജു വര്‍ഗീസും കോന്നി താലൂക്ക് തല
അദാലത്തിലെത്തിയത്. കൊക്കാത്തോട്, നെല്ലിക്കാപ്പാറ വാര്‍ഡുകളിലായി പൊതുമരാമത്ത് വകുപ്പ് 10 കോടി രൂപ ചെലവില്‍ വയക്കരമൂഴി – കൊക്കാത്തോട് റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മ്മിക്കുകയാണ്.
റോഡ് നിര്‍മ്മാണത്തിന് തടസമായി റോഡിന്റെ ഇരുവശവും നില്ക്കുന്ന മരുതി, പുന്ന, പാല എന്നീ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന പരാതി ഇരുവരും ചേര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. ടാര്‍ വിഡ്ത്തിനുള്ളില് വന്നേക്കാവുന്ന 18 മരങ്ങള്‍ വനം മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുറിച്ചു മാറ്റുവാന്‍ കോന്നി ഡി എഫ് ഒ യ്ക്ക് മന്ത്രി നിര്‍ദേശം നല്കി. മുറിച്ചു മാറ്റുന്ന വൃക്ഷങ്ങള്‍ക്ക് പകരമായി 30 വൃക്ഷ തൈകള്‍ പരാതിക്കാരായ ജനപ്രതിനിധികള്‍ നട്ടുപിടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് മന്ത്രിക്ക് ഉറപ്പു നല്‍കിയാണ് ജനപ്രതിനിധികള്‍ യാത്രയായത്.