ശരണ്യക്കും കുടുംബത്തിനും ആശ്വാസമായി കൊടുങ്ങല്ലൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മാറി. അർഹതപ്പെട്ട എ എ വൈ റേഷൻ കാർഡ് ശരണ്യയുടെ കുടുംബത്തിന് ലഭിക്കും. ഭിന്നശേഷിയുള്ള ശരണ്യയെയും കൊണ്ട് അമ്മയായ സുരഭിലയാണ് താലൂക്ക് അദാലത്തിലെത്തിയത്.
മകളെ നോക്കേണ്ടതിനാൽ വീട്ടിൽ നിന്നുകൊണ്ടുതന്നെ ജീവിതമാർഗം കണ്ടെത്തേണ്ട സാഹചര്യമാണ് സുരഭിലയുടേത്. വിഷമങ്ങൾ ഏറെ ഉണ്ടെങ്കിലും ചിരിച്ച് തന്നെ എത്തിയ സുരഭിലയോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷ സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. അതേ നിറഞ്ഞ ചിരിയോടെ മന്ത്രിയോട് നന്ദിപറഞ്ഞ് സുരഭില മടങ്ങി.
സുരഭിലയും ഭർത്താവും പതിനെട്ട് വയസ്സായ മകൾ ശരണ്യയുമടങ്ങുന്നതാണ് കുടുംബം. പപ്പടം നിർമ്മിച്ച് വിറ്റാണ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. എടത്തിരുത്തി പഞ്ചായത്തിലെ വാടക വീട്ടിലാണ് താമസം.