കുറ്റ്യാടി മണ്ഡലത്തിലെ റോഡ് നിർമാണം വേഗത്തിലാക്കാൻ തീരുമാനം. മണ്ഡലത്തിലെ മൂന്നു പ്രധാന കിഫ്ബി പദ്ധതികൾ സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് യോഗത്തിൽ ഭരണാനുമതി നൽകി. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ എം എബ്രഹാമിന്റെ നേതൃത്വത്തിൽ തിരുവനന്തപുത്ത് നടന്ന യോഗത്തിൽ ഓഗസ്റ്റ് മാസത്തിൽ തന്നെ ടെണ്ടർ നടപടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചു. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നൽകാനും തീരുമാനമായി.
കുട്ടോത്ത് അട്ടക്കുണ്ട് റോഡ് പ്രവൃത്തിയുടെ ലാൻഡ് അക്വിസിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി അടുത്ത നാല് മാസക്കാലം കൊണ്ട് പൂർത്തിയാക്കുന്നതിനും തീരുമാനമായി. നിലവിൽ അതിർത്തിയിൽ കല്ലിടുന്ന പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾക്കായി പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബിക്ക് കിഫ്ബിയുടെ സാങ്കേതിക പിന്തുണ നൽകും .സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർ കെ എം എബ്രഹാം യോഗത്തെ അറിയിച്ചു. റോഡ് പ്രവൃത്തിക്ക് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളതിനാൽ അത് നടപ്പിലാക്കുന്നതിന് എല്ലാ ഭൂവുടമകളും സഹകരിക്കണമെന്നും ഭൂമി വിട്ടു നൽകിയാൽ ഈ വർഷം തന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു. വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചു മാറ്റുന്ന മതിലുകളും കടമുറിയുടെ ഭാഗങ്ങളും പുനരുപയോഗിക്കാൻ തരത്തിൽ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും എം.എൽ.എ അറിയിച്ചു