സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞവുമായി ജില്ലാ ഭരണകൂടം ;ലോഗോ പ്രകാശനം ചെയ്തു

ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ആധാർ സേവനങ്ങൾ ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമഗ്ര ആധാർ എൻറോൾമെന്റ്‌ യജ്ഞം ‘ആദ്യം ആധാർ’ ന്‌ തുടക്കം കുറിച്ചു. ക്യാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടർ എ. ഗീത നിർവഹിച്ചു.

ജില്ലാ ഐ.ടി. മിഷൻ, ആരോഗ്യ വകുപ്പ്‌, വനിതാ ശിശു വികസന വകുപ്പ്‌ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലാണ്‌ ‘ആദ്യം ആധാർ’ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും തടസ്സം കൂടാതെ സർക്കാർ സേവനങ്ങൾ ഉറപ്പ് വരുത്തുക എന്ന നയത്തിന്റെ ഭാഗമായാണ്‌ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തിൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്. അങ്കണവാടി പരിധി അടിസ്ഥാനമാക്കി ഈ പ്രായത്തിലുള്ള കുട്ടികളുടെ കണക്കെടുപ്പ് നടത്തി പ്രാദേശിക ക്യാമ്പുകൾ സജ്ജമാക്കിയാണ്‌ എൻറോൾമെന്റ് നടത്തുക.

അങ്കണവാടികളിൽ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ അങ്കണവാടി വർക്കർമാരും ശേഷിക്കുന്ന അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ വിവരങ്ങൾ ആശാവർക്കർമാരുമാണ്‌ ശേഖരിക്കുന്നത്. രജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്നതിന്‌ അങ്കണവാടി വർക്കർമാരുമായോ ആശാവർക്കർമാരുമായോ ബന്ധപ്പെടാം. ഐ.ടി. മിഷന്‌ കീഴിലെ ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളും ക്യാമ്പ് നടത്തിപ്പിന്‌ വേണ്ട സാങ്കേതിക പിന്തുണ ഉറപ്പാക്കും. സിവിൽ സ്റ്റേഷനിൽ മിഷൻ റൂം കേന്ദ്രീകരിച്ച് ജില്ലാ കലക്ടറുടെ ഇന്റേൺസാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്.

ചടങ്ങിൽ സബ് കലക്ടർ വി. ചെൽസാസിനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ അജീഷ എൻ.എസ്, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ പി.പി. അനിത, തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡി. ജോർജ് ജോസഫ്, എസ്.സി. ഡെവലപ്മെന്റ് ഓഫീസർ ഷാജി എസ്.സി തുടങ്ങിയവർ സന്നിഹിതരായി.