സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് വനവികസന സമിതിയുടെ സഹകരണത്തോടെ നിര്‍മ്മിച്ച മല്ലീശ്വര വന്‍ ധന്‍ വികാസ് കേന്ദ്രയുടെ ആദ്യ ഉത്പന്നമായ അട്ടപ്പാടി തേന്‍ വിപണിയിലെത്തി. ഷര്‍മിള ജയറാം മെമ്മോറിയല്‍ ഹാളില്‍ നടന്ന തേനിന്റെ വിപണി അവതരണവും ആദ്യവില്‍പ്പനയും ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വി വിജയാനന്ദന്‍ നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിക്ക് കീഴില്‍ അട്ടപ്പാടി മേഖലയിലെ ഗോത്ര വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ചും അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ആദിവാസി സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് മല്ലീശ്വര വന്‍ ധന്‍ വികാസ് കേന്ദ്ര.

പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് വനവികസന സമിതിക്ക് കീഴില്‍ വരുന്ന വിവിധ ആദിവാസി വന സംരക്ഷണ സമിതികള്‍ വഴി തേന്‍ ശേഖരിക്കുകയും തുടര്‍ന്ന് മുക്കാലിയിലെ ഹണി പ്രോസസിങ് യൂണിറ്റില്‍ വെച്ച് തേന്‍ സംസ്‌കരിച്ച് ഉത്പന്നം വനം വകുപ്പിന്റെ വനശ്രീ ഇക്കോ ഷോപ്പുകളില്‍ വിപണനം നടത്തുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ ആനക്കട്ടി ഇക്കോ ഷോപ്പ് വഴി മാത്രമാണ് ഉത്പന്നം ലഭിക്കുക. തുടര്‍ന്ന് വന മഹോത്സവത്തിന്റെ ഭാഗമായി തൊടുകാപ്പ്ക്കുന്ന് ഇക്കോ ടൂറിസം സെന്ററില്‍ വെച്ച് നടത്തുന്ന പ്രത്യേക ഹണി ഫെസ്റ്റ് വഴിയും ഉത്പന്നം വിപണനം ചെയ്യും.